ന്യൂദല്‍ഹി: ആരോഗ്യ സേതു ആപ്പിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ. ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
വ്യക്തി വിവര സുരക്ഷാ ബില്ലിന്റെ ആദ്യ കരടു രൂപത്തിന് നേതൃത്വം കൊടുത്ത കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ.
‘ഏത് നിയമത്തിന്റെ കീഴിലാണ് നിങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാക്കാന്‍ കഴിയുക? ഈ ആപ്പ് ഒരാളില്‍ നിര്‍ബന്ധമാക്കാന്‍ ഒരു നിയമവും നിലവില്ല,’ശ്രീ കൃഷ്ണ പറഞ്ഞു.
മെയ് ഒന്നിനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടുന്നത്. പൊതുമേഖലയിലേയും സ്വകാര്യമേഖലയിലെയും ജീവനക്കാര്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കി. പ്രാദേശിക അധികൃതരോട് കണ്ടെയിന്‍മെന്റ് സോണുകളില്‍ ആപ്പിന്റെ ഉപയോഗം 100 ശതമാനമാക്കാനും ദേശീയ ദുരന്തനിവാരണ ആക്ടിന്റെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
ആരോഗ്യ സേതു ആപ്പ് ഇല്ലാത്തവരെ 1000 രൂപ പിഴചുമത്തി ആറുമാസം വരെ ജയിലിലടയ്ക്കുമെന്ന് നോയിഡ പൊലീസ് പറഞ്ഞിരുന്നു. അതേസമയം നോയിഡ പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘നോയിഡ് പൊലീസിന്റെ ഉത്തരവ് തികച്ചും നിയമവിരുദ്ധമാണ്. ഞാന്‍ കരുതുന്നത് ഇത് ഇപ്പോഴും ഒരു ജനാധിപത്യരാജ്യമാണെന്നാണ്. ഇത്തരം ഉത്തരവുകളൊക്കെ തന്നെ കോടതിയില്‍ നില്‍ക്കുന്നതല്ല,’ശ്രീകൃഷ്ണ പറഞ്ഞു.
നിര്‍ദേശങ്ങള്‍ക്കൊരിക്കലും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കാനുള്ള നിയമ സാധുതയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ ദുരന്ത നിവാരണ ആക്ടിന്റെയും എപിഡമിക് ഡിസീസസ് ആക്ടിന്റെയും ചട്ടങ്ങള്‍ ഒരു പ്രത്യേക കാരണത്തിനുമേല്‍ രൂപീകരിക്കുന്നതാണ്. എന്റെ കാഴ്ചപ്പാടില്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്റ്റാറ്റിയൂട്ടറി ബോഡി ഒന്നും അല്ല,’ അദ്ദേഹം പറഞ്ഞു.
സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യത്തില്‍ സുപ്രീം കോടതി വാദം കേട്ടു കൊണ്ടിരിക്കുകയാണ്. അതേസമയം വിവര സുരക്ഷാ കമ്മിറ്റിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ നിയമിച്ചതാണ് ജസ്റ്റിസ് ശ്രീ കൃഷ്ണയെ. വ്യക്തി വിവരങ്ങള്‍ നിയമപരമായും വ്യക്തമായും മാത്രമേ വിനിയോഗിക്കാവൂ എന്നാണ് കമ്മിറ്റി നിര്‍ദേശിക്കുന്നത്. അതിന് വ്യക്തികളുടെ അറിവും സമ്മതവും വേണമെന്നും കമ്മിറ്റി മുന്നോട്ടു വെക്കുന്നുണ്ട്.
അതേസമയം ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഫ്രാന്‍സിലെ സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ എലിയട്ട് ആല്‍ഡേഴ്‌സണ്‍ ആരോഗ്യ സേതു ആപ്പിലെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യ സേതു ആപ്പിലെ സംസ്ഥാനത്തെ ആയിരക്കണക്കിന് ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി ഹാക്കര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ മധ്യപ്രദേശ് സര്‍ക്കാര്‍ കൊവിഡ് 19 ആപ്പ് നിര്‍മ്മിച്ചിരിക്കുന്നത് ഈ വിധമാണ് എന്ന് അടിക്കുറിപ്പിട്ടാണ് ഹാക്കര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ആപ്പില്‍ ഉപയോഗിച്ചിരിക്കുന്ന വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക