| Tuesday, 17th March 2020, 6:22 pm

'ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയിലേറ്റ കനത്ത പ്രഹരം'; ആരാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യ, റാഫേല്‍, ശബരിമല, എന്‍.ആര്‍.സി തുടങ്ങി നിര്‍ണായകമായ കേസുകളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയ വിധി പ്രസ്താവത്തിന് ശേഷമാണ് നവംബറില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തിരിക്കുകയാണ്. വിരമിച്ച് നാല് മാസത്തിന് ശേഷമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭ ടിക്കറ്റ് ലഭിക്കുന്നത്. രാജ്യസഭാംഗമായ കെ.ടി.എസ് തുളസി വിരമിക്കുന്ന ഒഴിവിലാണ് അദ്ദേഹം രാജ്യസഭയിലെത്തുക.

ജസ്റ്റിസ് രഞജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുന്‍പ് പരിഗണിച്ച വിധി പ്രസ്താവങ്ങള്‍ എല്ലാം നിര്‍ണായകവും ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതുമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമ നിര്‍ദേശം ചെയ്തതിനു പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് ജൂഡീഷ്യറിയുടെ വിശ്വാസ്യതയും, ആദരവും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നീക്കമാണെന്നാണ് ഉയരുന്ന വിമര്‍ശനങ്ങളിലേറെയും. വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് മദന്‍ ലോക്കൂര്‍ പരഞ്ഞത് ഇങ്ങനെയാണ്.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ഏത് ആദരം നല്‍കും എന്നതിനെ സംബന്ധിച്ച് കുറച്ച് നാളുകളായി ആലോചനകളുണ്ട്. അതുകൊണ്ട് രാജ്യസഭാംഗത്വം നല്‍കിയത് അത്ഭൂതമേ അല്ല. പക്ഷേ അത് ഇത്രവേഗം നടന്നു എന്നതിലാണ് ആശ്ചര്യം. ഇത് ഇന്ത്യന്‍ ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സത്യസന്ധത എന്നിവയെ പുനര്‍നിര്‍വചിക്കുന്നു. അവസാനത്തെ അത്താണിയും വീണുവോ. ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോക്കൂര്‍, ജെ. ചെലമേശ്വര്‍, മലയാളി കൂടിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നായിരുന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപ്ക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയത്. സുപ്രീം കോടതിയുടെ അധികാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നതിനെ കുറിച്ചായിരുന്നു ഇവരുടെ വാര്‍ത്താ സമ്മേളനം എന്നതും ശ്രദ്ധേയമാണ്. ഇതിനു പിന്നാലെയാണ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസാകുന്നതും വിവാദ കേസുകള്‍ അദ്ദേഹത്തിന്റെ പരിഗണനയില്‍ വരുന്നതും.

സര്‍ക്കാരിന്റെ സഹായത്താല്‍ സര്‍വ്വീസിലിരിക്കെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും അവരുടെ ഭര്‍ത്താവിന് മേല്‍ നിമയ നടപടികള്‍ സ്വീകരിക്കുകയും, സര്‍ക്കാരിന് അയോധ്യ റാഫേല്‍ തുടങ്ങിയ കേസുകളില്‍ സമ്മാനം നല്‍കുകയും ചെയ്തതിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ഗൊഗോയ്ക്ക് ലഭിച്ച രാജ്യസഭ സീറ്റെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.

പൊതുജനങ്ങള്‍ക്ക് ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് കോണ്‍ഗ്രസ് വക്തമാവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത്.ലോക്‌സഭ എം.പി അസൗദുദീന്‍ ഒവൈസി ഇത് ഉപകാര സ്മരണയാണോ എന്നാണ് ചോദിച്ചത്. ഇങ്ങനെയാണെങ്കില്‍ ജഡ്ജിമാരുടെ പ്രവര്‍ത്ത സ്വാതന്ത്ര്യത്തിനുമേല്‍ ജനങ്ങള്‍ക്ക് എങ്ങനെയാണ് വിശ്വാസമുണ്ടാകുക എന്നും അദ്ദേഹം ചോദിച്ചു.

ഈ ഓഫര്‍ രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കില്ല എന്ന് കരുതുന്നു. അദ്ദേഹം രാജ്യസഭ പ്രവശേനത്തിന് യെസ മൂളുകയാണെങ്കില്‍ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയുടെ മേല്‍ കടുത്ത പ്രഹരമാണ് ഗൊഗോയിയുടെ തീരുമാനം എല്‍പ്പിക്കുക എന്നുമായിരുന്നു മുന്‍ കേന്ദ്ര മന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യകേസില്‍ തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാം എന്നും തര്‍ക്കഭൂമിയുടെ പുറത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ അനുവദിച്ചു കൊണ്ടുള്ള വിധിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റേതായിരുന്നു. നിര്‍ണായകമായ ഈ വിധിയില്‍ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിനാണെന്നും വ്യക്തമാക്കിയിരുന്നു.

ടുജി സ്‌പെക്ട്രം കേസില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതിസ്ഥാനത്ത് നിന്നതിന് സമാനമായി് റാഫേല്‍ വിഷയത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും നില്‍ക്കേണ്ടി വന്നിരുന്നു. രാഹുല്‍ ഗാന്ധിയെ മോദിക്കെതിരെ രാഹുല്‍ ഗാന്ധി ആയുധമാക്കിയ ചൗക്കിദാര്‍ ചോര്‍ ഹേ എന്നുള്ള പ്രയോഗം സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ളതാണെന്ന് പറഞ്ഞ് മീനാലേക്ഷി ലേഖി സമര്‍പ്പിച്ച കേസ് പരിഗണിച്ചുതും ഇദ്ദേഹമാണ്. കേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞിരുന്നു.

സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ കേസില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് വിധിച്ചത്. ഹരജികളില്‍ കഴമ്പില്ലെന്നും കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്, ഇവയുടെ വില നിശ്ചയിച്ചത്, അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ പങ്കാളിയാക്കിയത് തുടങ്ങി നിര്‍ണായക ആരോപണങ്ങള്‍ ഉയര്‍ന്ന മേഖലയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ശരിവെച്ച വിധി പ്രസ്താവമായിരുന്നു സുപ്രീം കോടതിയുടേത്.

ഇപ്പോള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ആസാമിലെ എന്‍.ആര്‍.സി വിഷയം പരിഗണിച്ചതും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ്. എന്‍.ആര്‍.സി വിഷയത്തില്‍ ഏറെ വിവാദങ്ങല്‍ നടക്കവെ എന്‍.ആര്‍.സി ഭാവിയിലേക്കുള്ള രേഖയാണെന്ന വിവാദ പ്രസ്താവനയും രഞ്ജന്‍ ഗൊഗോയ് നടത്തിയിരുന്നു.എറെ വിവാദമായ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ ഫയല്‍ ചെയ്ത റിവ്യൂ പെറ്റീഷന്‍ വിശാലബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ ഉത്തരവിട്ടതും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ്.

ആധാര്‍ നിയമം മണി ബില്ലായിട്ടായിരുന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മണി ബില്‍ രാജ്യസഭ നിര്‍ബന്ധമായും പാസാക്കേണ്ടതില്ല. ആധാര്‍ മണി ബില്ലായ് പരിഗണിക്കേണ്ടതുണ്ടോ എന്നുള്ള തര്‍ക്കം സുപ്രീം കോടിതിയിലെത്തിയപ്പോള്‍ അതും വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചായിരുന്നു.

രഞ്ജന്‍ ഗൊഗോയ്ക്ക് നേരെ ലൈംഗിക ആരോപണവും ഉയര്‍ന്നിരുന്നു. സുപ്രീം കോടതിയിലെ വനിത ജീവനക്കാരി തന്നെയാണ് ജസ്റ്റിസിനെതിരെ ലൈംഗികാതിക്രണ പരാതി നല്‍കിയത്. വിഷയത്തില്‍ ജസ്റ്റിസിനെതിരെ അന്വേഷണണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേസ് ഒത്തു തീര്‍പ്പാകുകയും യുവതി തിരികെ സുപ്രീം കോടതിയില്‍ ജോലിയില്‍ പ്രവേശിക്കുകയുമായിരുന്നു.

അസമില്‍ നിന്നുള്ള ഗൊഗോയ് 2001 ഫെബ്രുവരിയിലാണ് ഗുഹാവത്തി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2010 സെപ്റ്റംബറില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. 2010 ഏപ്രിലിലാണ് അദ്ദേഹം സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ടത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ വ്യക്തി കൂടിയാണ് രഞ്ജന്‍ ഗൊഗോയ്.

ജുഡീഷ്യറിയുടെ താത്പര്യങ്ങള്‍ക്കോ സുപ്രീം കോടതിയുടെ ഔന്നത്യത്തിനോ ഉതകുന്ന തരത്തില്‍ യാതൊന്നും തന്നെ ഗൊഗോയ് തന്റെ സേവനകാലത്ത് ചെയ്തിട്ടില്ലെ എന്നായിരുന്നു ഗൊഗോയ് സുപ്രീം കോടതി ജഡ്ജിയയായി വിരമിച്ചപ്പോള്‍ ദല്‍ഹി ഹൈക്കോടതി ജ്ഡ്ജിയായിരുന്ന ആര്‍.എസ് സോദി പറഞ്ഞത്. രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാക്കിയത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഇപ്പോഴത്തെ അവസ്ഥാണ് വ്യക്തമാക്കുന്നത് എന്ന് മാര്‍ക്കണ്ഡേയ കട്ജുവും  നേരത്തെ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസ് ഡെസ്‌ക്