ന്യൂദല്‍ഹി: അര്‍ബുദരോഗിയായ ആള്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനവും പിഴയും. ഹരജി ഫയല്‍ ചെയ്ത ഇ.ഡി ഉദ്യോഗസ്ഥന് കോടതി ഒരു ലക്ഷം പിഴ ചുമത്തി.
അര്‍ബുദരോഗം കണക്കിലെടുത്ത് കമല്‍ അഹ്സനെന്ന ആള്‍ക്ക് അലഹബാദ് ഹൈക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
എന്നാല്‍, സുപ്രീംകോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ‘ഹൈക്കോടതി അനുവദിച്ച ജാമ്യം ഒരുകാരണവശാലും റദ്ദാക്കേണ്ട സാഹചര്യമില്ല. ആരോഗ്യസാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം. അത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചത് ശരിയായില്ല.
ഇത്തരം ഹരജികള്‍ കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കലാണ്. ഈ സാഹചര്യത്തില്‍, ഒരു ലക്ഷം പിഴ കെട്ടിവെക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നും പിഴ ഈടാക്കണം’- ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
2017ലാണ് ആക്‌സിസ് ബാങ്കിന്റെ പ്രയാഗ്‌രാജ് ശാഖയിലെ ഉദ്യോഗസ്ഥനായ അഹ്‌സനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. 2013ല്‍ സ്റ്റേറ്റ് എയ്ഡഡ് യൂണിവേഴ്‌സിറ്റികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 22 കോട് രൂപ അഹ്‌സന്‍ തന്റെ ബന്ധുക്കളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.
അന്വേഷണത്തിനൊടുവില്‍ 2020 ഡിസംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍/ തടയല്‍ നിയമപ്രകാരം ഇ.ഡി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ അലഹബാദ് ഹൈക്കോടതി വായിലെ അര്‍ബുദം, പ്രമേഹം, ഫിസ്റ്റുല രോഗബാധിതനായ അഹ്‌സന് ആരോഗ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ജാമ്യം അനുവധിക്കുകയായിരുന്നു.