'ഗാന്ധി വധത്തില്‍ പ്രതിചേര്‍ത്തത് സവര്‍ക്കര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് തടയാന്‍'; സവര്‍ക്കറിന് നീതി ആവശ്യപ്പെട്ട ഹരജിക്കാരന് പിഴ ചുമത്തി സുപ്രീം കോടതി
ന്യൂദല്‍ഹി: ഗാന്ധി വധത്തില്‍ വി.ഡി. സവര്‍ക്കറെ അന്യായമായി പ്രതിചേര്‍ത്തതാണെന്നും, കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. യാതൊരു തെളിവിന്റെയും അടിസ്ഥാനമില്ലാത്ത ഹരജിയാണ് പരാതിക്കാരനായ ഡോ. പങ്കജ് ഫാഡ്‌നിസ് സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തോട് 25,000 രൂപ പിഴയൊടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം തെറ്റിദ്ധാരണ പരത്തുന്ന ഹരജിയാണ് പരാതിക്കാരന്‍ സമര്‍പ്പിച്ചതെന്നും പിഴത്തുക നാലാഴ്ച്ചക്കുള്ളില്‍ കോടതിയുടെ വെല്‍ഫെയറില്‍ ഫണ്ടില്‍ നിക്ഷേപിക്കാനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസില്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സവര്‍ക്കറിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഗാന്ധി വധത്തില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തതെന്നാണ് പരാതിക്കാരന്‍ ഹരജിയില്‍ പറഞ്ഞിരുന്നത്. തെറ്റായ തെളിവുകള്‍ ഹാജരാക്കി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും സവര്‍ക്കറെ മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്നുമാണ് ഹരജിക്കാരന്റെ വാദം.
കേസില്‍ മാപ്പുസാക്ഷിയായ ദിഗംബര്‍ ബാഡ്‌ജെയുടെ മൊഴിയിലാണ് സവര്‍ക്കറെ പ്രതിചേര്‍ത്തതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അഭിനവ് ഭാരത് കോണ്‍ഗ്രസ് എന്ന സംഘടനയുടെ നേതാവ് കൂടിയായ ഹരജിക്കാരന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
‘ 1948 ല്‍ വിചാരണക്കോടതി മാപ്പുസാക്ഷിയാക്കിയ ദിഗംബര്‍ ബാഡ്‌ജെയെന്ന വ്യക്തി നല്‍കിയ മൊഴിയിലാണ് സവര്‍ക്കറെ ഗാന്ധി വധത്തില്‍ ഉള്‍പ്പെടുത്തിയത്. ഗാന്ധി വധക്കേസില്‍ കുറ്റം ചാര്‍ത്തിയതിലൂടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്. ഇതിലൂടെ സ്വതന്ത്ര ഇന്ത്യയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള അവസരമാണ് സവര്‍ക്കര്‍ക്ക് നിഷേധിക്കപ്പെട്ടത്.
പിന്നീട് തെളിവുകളുടെ ദുര്‍ബലാവസ്ഥ കണക്കിലെടുത്ത് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. പിന്നീട് 1949 ല്‍ സവര്‍ക്കറെ വീണ്ടും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 1952ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമ്മതിപ്പിച്ചതിന് ശേഷമാണ് അദ്ദേഹത്തെ വെറുതെ വിട്ടത്. പിന്നീട് 1966 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെടുകയും ചെയ്തു. കേസില്‍ തെറ്റായ വിചാരണയാണ് നടന്നിട്ടുള്ളത്,’ പങ്കജ് ഫാഡ്‌നിസ് പറഞ്ഞു.
സവര്‍ക്കറിന് പുറമെ ഡോ. ഡി.എസ്. പര്‍ച്ചൂര്‍, നാരായണ്‍ ആപ്‌തെ എന്നിവരെയും കേസില്‍ അന്യായമായി പ്രതിചേര്‍ത്തതാണെന്നുമാണ് ഹരജിക്കാരന്റെ വാദം. നാരായണ്‍ ആപ്‌തെയെ തൂക്കിലേറ്റിയ നടപടിയില്‍ അദ്ദേഹത്തിന്റെ കുടുംബത്തോട് പരസ്യമായി മാപ്പ് പറയണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ കേസിലാണ് ഹരജിക്കാരന്റെ വാദങ്ങളെ തള്ളി സുപ്രീം കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlight: supreme court fined petitioner for seeking justice for savarkar