| Wednesday, 24th April 2024, 4:15 pm

വിവി പാറ്റില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവി പാറ്റില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീം കോടതി. അഞ്ച് ശതമാനം വിവി പാറ്റുകള്‍ ഇപ്പോള്‍ തന്നെ എണ്ണുന്നുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.

വിവി പാറ്റുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ സുപ്രീം കോടതി ചൊവ്വാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് വെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായി. ചോദ്യങ്ങള്‍ക്കെല്ലാം ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുകയും ചെയ്തു. വിശദീകരണം കേട്ടതിന് ശേഷം ഹരജി വിധി പറയുന്നതിന് മാറ്റി.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോ​ഗം ചെയ്യാൻ സാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവി പാറ്റ് പ്രവർത്തനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി കൂടുതൽ വിശദീകരണം തേടിയിരുന്നു. മെഷീനിലെ കൺട്രോളിങ് യൂണിറ്റ് പ്രത്യേകം സീൽ ചെയ്തതാണോയെന്നും സുപ്രീം കോടതി ചോദിച്ചു. പ്രധാനമായും അഞ്ച് ചോദ്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ചോദിച്ചത്.

വിവി പാറ്റിൽ പ്രത്യേകം സീൽ ചെയ്ത മൈക്രോ കൺട്രോളിങ് യൂണിറ്റ് ഉണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്രയെണ്ണമുണ്ട്. വോട്ടിങ് മെഷീൻ സീൽ ചെയ്ത് സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും സീൽ ചെയ്യാറുണ്ടോ. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ഡാറ്റ 48 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ട കാര്യമുണ്ടോ. ഈ ചോദ്യങ്ങളാണ് സുപ്രീം കോടതി ചോദിച്ചത്.

Content Highlight: Supreme Court finds no evidence of hacking in VV Pat

We use cookies to give you the best possible experience. Learn more