| Tuesday, 10th April 2018, 9:25 am

'ഹാദിയയുടെ വിവാഹം; നിരോധിത മേഖലയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍: അന്തിമവിധിയുമായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഹാദിയക്കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കേസ് സംബന്ധിച്ച് വിശദമായ സുപ്രീം കോടതി വിധിന്യായം ജസ്റ്റീസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ച് പുറത്തുവിട്ടിരിക്കയാണ്.

ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

ഇനി മറ്റാര്‍ക്കും ഇത്തരത്തില്‍ ഒരു അനീതി നേരിടാനുള്ള സാഹചര്യമുണ്ടാകാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും വിവാഹത്തെപ്പറ്റിയല്ല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെങ്കില്‍ അതുമായി മാത്രം എന്‍.ഐ.എ യ്ക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി വിധി ന്യായത്തില്‍ പറഞ്ഞു.


ALSO READ: കര്‍ണാടക ചീഫ് ജസ്റ്റിസിന് നിയമമന്ത്രിയുടെ കത്ത്; കോടതിയും സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നു


ഇന്ത്യന്‍ ഭരണഘടനസ്ഥാപനമായ കോടതികള്‍ വ്യക്തികളുടെ മൗലിക അവകാശങ്ങള്‍ക്കുമേല്‍ കൈകടത്തുന്ന നടപടി ഒട്ടും അനിയോജ്യമല്ലെന്നും സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരസംസ്‌കാരത്തിലാണ് ഭരണഘടനയുടെ ശക്തി നിലനില്‍ക്കുന്നത്.

അതുകൊണ്ട് തന്നെ ഒരാള്‍ ആരെ വിവാഹം ചെയ്യണമെന്നും ആരോടൊപ്പം ജീവിക്കണമെന്നും ഉള്ളത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് മുകളിലാണ്. ഇത്തരം ബഹുസ്വരതയെ സംരക്ഷിക്കാനാണ് കോടതികള്‍ ശ്രമിക്കേണ്ടത് അല്ലാതെ തകര്‍ക്കാനല്ലെന്നും കോടതി പറഞ്ഞു.

ഹാദിയയുടെ വിഷയത്തില്‍ മുസ്‌ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലാണ് ഹൈക്കോടതി കൈവച്ചതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഖില എന്ന ഹാദിയ എന്നതിന് പകരം ഹാദിയ എന്നു മാത്രമാണ് ഹാദിയക്കേസ് അവസാന വിധിപ്രസ്താവനയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉപയോഗിച്ചത്.


MUST READ: ഓര്‍മ്മയുണ്ടോ സൈന്യം മനുഷ്യ കവചമാക്കിയ കാശ്മീരി യുവാവിനെ?; തൊഴില്‍ നഷ്ടപ്പെട്ട്, വിഷാദ രോഗിയായി ഫാറൂഖ് അഹമ്മദ് ധര്‍


ഇന്നലെ പുറത്തുവിട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിന്യായത്തില്‍ ഹാദിയക്കേസ് സംബന്ധിച്ച സുപ്രീംകോടതി തീരുമാനം വ്യക്തമക്കുന്നുണ്ട്. ഈ വിധിപ്രസ്താവം അനുസരിച്ച്;

1. ഒരാളുടെ സന്തോഷമാഗ്രഹിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം അയാളുടെ വ്യക്തി സ്വാതന്ത്രത്തില്‍ അധിഷ്ടിതമാണ്. ഏത് മതത്തില്‍ വിശ്വസിക്കണെമന്നതും അയാളുടെ സ്വാതന്ത്ര്യമാണ്.

2. സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യമായ വിഷയത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. നിയമത്തിന് ഇടപെടാന്‍ കഴിയാത്ത മേഖലയാണതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

3. ഹാദിയ ദുര്‍ബലയായ പെണ്‍കുട്ടിയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി എന്തുകൊണ്ട് അവളൊരു പ്രായപൂര്‍ത്തിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തിയാണെന്ന് കാണാന്‍ മറന്നുവെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

4. വസ്ത്രം, ഭക്ഷണം തുടങ്ങിയവയൊക്കെ വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിലെല്ലാം ഇടപെടാനുള്ള സ്വാതന്ത്ര്യം കോടതികള്‍ക്ക് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more