| Tuesday, 7th May 2024, 8:52 pm

പതഞ്ജലിയുടെ നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യം ഇപ്പോഴും ലഭ്യമാണ്; അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പതഞ്ജലിയുടെ നിരോധിക്കപ്പെട്ട ഉത്പന്നങ്ങളുടെ പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തുടരുന്നതില്‍ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. പത്ഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉടന്‍ നീക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

നിരോധിക്കപ്പെട്ടിട്ടും പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഇടപെടാന്‍ അന്വേഷണസംഘം തയ്യാറാകാത്തതെന്താണെന്നും സുപ്രീം കോടതി ചോദിച്ചു. പതഞ്ജലിയുടെ 14 ഉത്പന്നങ്ങളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കെതിരെയും സഹസ്ഥാപകന്‍ ബാബാ രാംദേവിനെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്ത ഹിയറിങ് നടക്കുന്നതിന് മുമ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യുമെന്ന് പതഞ്ജലിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഉറപ്പ് നല്‍കി.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി ശക്തമായ താക്കീത് നല്‍കിയിട്ടും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളില്‍ ഉള്‍പ്പടെ നല്‍കിയതാണ് കോടതിയലക്ഷ്യ കേസിന് കാരണം. തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ പതഞ്ജലിയുടെ ഓരോ ഉത്പന്നത്തിനും ഒരു കോടി രൂപ പിഴ ചുമത്തുമെന്നാണ് സുപ്രീം കോടതി താക്കീത് നല്‍കിയത്. പിന്നാലെ പലതവണ പരസ്യ മാപ്പപേക്ഷയുമായി പതഞ്ജലി രംഗത്തെത്തുകയും ചെയ്തിരുന്നു.

അലോപ്പതിയെ തരംതാഴ്ത്താനുള്ള ശ്രമത്തിനെതിരെ ആയിരുന്നു സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയത്. കൊവിഡ് വാക്‌സിനും വൈദ്യശാസ്ത്രത്തിനും എതിരായി പതഞ്ജലി പ്രചരണം നടത്തുന്നതായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

Content Highlight: Supreme Court Expresses Displeasure At Continuation Of Patanjali’s Ads For Suspended Products

We use cookies to give you the best possible experience. Learn more