ചില സ്വകാര്യ ചാനലുകള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയത; യൂട്യൂബില്‍ വ്യാജവാര്‍ത്തകള്‍ നിറയുന്നു; എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
India
ചില സ്വകാര്യ ചാനലുകള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയത; യൂട്യൂബില്‍ വ്യാജവാര്‍ത്തകള്‍ നിറയുന്നു; എന്ത് നടപടിയെടുത്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2021, 1:16 pm

ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലേയും ചില സ്വകാര്യ ചാനലുകളിലേയും വാര്‍ത്താ ഉള്ളടക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. രാജ്യത്തെ വിവിധ ന്യൂസ് പോര്‍ട്ടലുകളും യൂട്യബും വ്യാജവാര്‍ത്തകളാല്‍ നിറഞ്ഞിരിക്കുന്നെന്നും സ്വകാര്യ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.

ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയെടുത്തെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും വെബ് പോര്‍ട്ടലുകളിലും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കടുത്ത ആശങ്കയാണ് സുപ്രീം കോടതി പ്രകടിപ്പിച്ചത്.

ഒരു വിഭാഗം ചാനലുകള്‍ കാണിക്കുന്ന വാര്‍ത്തകളില്‍ വര്‍ഗീയതയുണ്ട്. ഇത് രാജ്യത്തിന്റെ പേര് തന്നെ മോശമാക്കും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

നിസാമുദ്ദീനിലെ മതപരമായ ഒത്തുചേരലുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്നത് തടയാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ജമൈത് ഉലമാ ഇ ഹിന്ദ് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

‘ ഒരു വിഭാഗം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ കാണിക്കുന്ന വാര്‍ത്തകളെല്ലാം തന്നെ സാമുദായിക നിറമുള്ളതാണ്. ആത്യന്തികമായി, ഇത് ഈ രാജ്യത്തിന്റെ പേരിന് കളങ്കമുണ്ടാക്കുന്നതാണ്. ഇത്തരം സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?’ബെഞ്ച് ചോദിച്ചു.

സോഷ്യല്‍ മീഡിയ ‘ശക്തമായ ശബ്ദങ്ങള്‍’ മാത്രമാണ് കേള്‍ക്കുന്നത്. കൂടാതെ യാതൊരു ഉത്തരവാദിത്തവുമില്ലാതെ നിരവധി കാര്യങ്ങള്‍ ജഡ്ജിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ എഴുതുന്നു, ജസ്റ്റിസുമാരായ സൂര്യകാന്ത്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘വെബ് പോര്‍ട്ടലുകളിലും യൂട്യൂബ് ചാനലുകളിലും വ്യാജ വാര്‍ത്തകള്‍ക്കും അപവാദങ്ങള്‍ക്കും യാതൊരു പഞ്ഞവുമില്ല. ഒരു നിയന്ത്രണവുമില്ലാതെയാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. നിങ്ങള്‍ യൂട്യൂബ് നോക്കിയാല്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ സൗജന്യമായി പ്രചരിപ്പിക്കുന്നതെന്ന് കണ്ടെത്താനാകും. മാത്രമല്ല ആര്‍ക്കും യൂട്യൂബില്‍ ഒരു ചാനല്‍ തുടങ്ങാനും സാധിക്കും,’ കോടതി പറഞ്ഞു.

പുതുതായി നിലവില്‍ വന്ന ഐ.ടി നിയമപ്രകാരം സോഷ്യല്‍ മീഡിയയും വെബ് പോര്‍ട്ടലുകളും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള ഹര്‍ജികള്‍ കൈമാറണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ആറ് ആഴ്ചകള്‍ക്ക് ശേഷം കേള്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court expresses concern over fake, communal news on social media, some channels