എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ ക്രിമിനല്‍ കേസുളില്‍ വിചാരണകള്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടികാട്ടി. എല്ലാ ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസ്മാരും ഇത്തരം കേസുകളില്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കെട്ടികിടക്കുന്ന ഫയലുകളില്‍ ഫലപ്രദമായി നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
‘പ്രത്യേക ബെഞ്ചിന് ആവശ്യമെന്ന് തോന്നുന്നതുപോലെ കൃത്യമായ ഇടവേളില്‍ കേസുകള്‍ ലിസ്റ്റ് ചെയ്യാം. കേസുകള്‍ കാര്യക്ഷമമായും വേഗത്തിലും തീര്‍പ്പാക്കുന്നതിന് ആവശ്യമായ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് നല്‍കാം. കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക ബെഞ്ചിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കോ അവര്‍ നിര്‍ദ്ദേശിക്കുന്ന ജഡ്ജിമാര്‍ക്കോ നയിക്കാം,’ ജസ്റ്റിസുമാരായ പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കേസുകള്‍ ആദ്യം ആദ്യം പരിഗണിച്ചശേഷം അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ലഭിക്കാവുന്ന കേസുകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് കോടതി പറഞ്ഞു. സ്റ്റേ ചെയ്ത കേസുകള്‍ ഹൈക്കോടതികള്‍ പട്ടികപ്പെടുത്തുകയും അത്തരം വിചാരണകള്‍ വേഗത്തില്‍ ആക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിചാരണ കോടതികള്‍ ഇത്തരം കേസുകള്‍ പരിഗണിക്കാന്‍ മതിയായ സൗകര്യം ഒരുക്കുകയും കേസുകളുടെ വിശദാംശങ്ങളും വര്‍ഷവും പ്രസിദ്ധീകരിക്കുന്നതിന് ഹൈക്കോടതി വെബ്‌സൈറ്റില്‍ സ്വതന്ത്ര ടാബ് സൃഷ്ടിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.
രാജ്യത്തെ വിവിധ ട്രയല്‍ കോടതികളിലായി എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായി 5175 കേസുകളാണ് കെട്ടി കിടക്കുന്നത്. ഇതില്‍ 2116 ഓളം കേസുകള്‍ അഞ്ച് വര്‍ഷമായി കെട്ടിക്കിടക്കുന്നവയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഉത്തര്‍പ്രദേശിലാണ് (1377).