മുംബൈ: രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമത്തിനെതിരെ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് റോഹിങ്ടണ്‍ ഫാലി നരിമാന്‍. നിയമം റദ്ദാക്കേണ്ട സമയമായി എന്നായിരുന്നു നരിമാന്റെ പ്രതികരണം.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ടായിരുന്നു നരിമാന്‍ പ്രസ്താവന നടത്തിയത്.
”രാജ്യദ്രോഹക്കുറ്റ നിയമം പൂര്‍ണമായും എടുത്ത് മാറ്റേണ്ട സമയമായി. അക്രമത്തില്‍ കലാശിക്കാത്ത പക്ഷം, ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അംഗീകരിക്കേണ്ട സമയമായി,” അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ഡി.എം. ഹാരിഷ് സ്‌കൂള്‍ ഓഫ് ലോയില്‍ ഒരു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുന്‍ ജസ്റ്റിസ്.
തങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ അധികാരികള്‍ നടപടി എടുക്കാതിരിക്കുകയാണെന്നും നരിമാന്‍ പറഞ്ഞു.
നരിമാന്‍ പ്രസംഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബാര്‍ & ബെഞ്ച് എന്ന ലീഗല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
ബി.ജെ.പി സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിക്കുന്ന രീതിയിലും നരിമാന്‍ പ്രസ്താവന നടത്തുന്നുണ്ട്.
”നിര്‍ഭാഗ്യവശാല്‍ നമ്മെ ഭരിക്കുന്ന പാര്‍ട്ടിയിലെ ഉയര്‍ന്ന തട്ടുകളെല്ലാം വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ മൗനം പാലിക്കുക മാത്രമല്ല, അതിനെ അംഗീകരിക്കുക കൂടി ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവനന്തപുരത്ത് വെച്ച് നടത്തിയ ‘വിദ്വേഷപ്രസംഗം ഭരണഘടനാ വിരുദ്ധമാണ്’ എന്ന പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട്, ‘ഇത് കേള്‍ക്കുന്നത് ആശ്വാസകരമാണ്, അല്‍പം വൈകിയെങ്കിലും,” എന്നും നരിമാന്‍ പറഞ്ഞു.
യു.എ.പി.എ നിയമത്തിന് കീഴിലെ രാജ്യദ്രോഹമടക്കമുള്ള 124എ വകുപ്പ് റദ്ദാക്കണമെന്ന് മുമ്പും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യമാണെന്നും വിരമിച്ചതിന് ശേഷം നടത്തിയ ഒരു പ്രസ്താവനയില്‍ നരിമാന്‍ പറഞ്ഞിരുന്നു.
ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലായിരുന്നു റോഹിന്‍ടണ്‍ നരിമാന്‍ വിരമിച്ചത്. ശ്രേയ സിംഗാള്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ അടക്കമുള്ള സുപ്രധാനമായ വിവിധ കേസുകളില്‍ നരിമാന്‍ വിധി പറഞ്ഞിട്ടുണ്ട്.