| Friday, 18th October 2024, 4:14 pm

ഇഷാ ഫൗണ്ടേഷനെതിരായുള്ള ഹേബിയസ് കോര്‍പ്പസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചതായി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ഇഷ ഫൗണ്ടേഷനെതിരായ ഹേബിയസ് കോര്‍പ്പസ് കേസ് അവസാനിപ്പിക്കുന്നതായി സുപ്രീം കോടതി. തമിഴ്‌നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജിയിലെടുത്ത നടപടികളിലാണ് കോടതിയുടെ ഉത്തരവ്.

ഇഷ ഫൗണ്ടേഷനില്‍ നിര്‍ബന്ധിതമായി അന്തേവാസികളെ താമസിപ്പിക്കുന്നുവെന്നായിരുന്നു ഹരജി. എന്നാല്‍ യുവതികള്‍ സ്വന്തം താത്പര്യത്തോടെ ആശ്രമത്തില്‍ വന്നതാണെന്നും തടങ്കലില്‍ വച്ചതല്ലെന്നുമുള്ള മൊഴികള്‍ വന്നതോടെയാണ് നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി ഉത്തരവിറക്കിറക്കിയത്.

കോടതിയില്‍ സ്ത്രീകള്‍ നേരിട്ട് ഹാജരാവുകയും സ്വന്തം താത്പര്യപ്രകാരമാണ് ആശ്രമത്തില്‍ പോയതെന്നും അവര്‍ മൊഴി നല്‍കുകയായിരുന്നു. പിന്നാലെയാണ് ഈ കേസില്‍ തുടര്‍ നടപടികളാവശ്യമില്ലെന്ന് കോടതി വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ അവരുടെ അഭിപ്രായം വെളിപ്പെടുത്തിയതിനാല്‍ ഹേബിയസ് കോര്‍പ്പസ് ആവശ്യമില്ലെന്നും പിതാവ് അവരുടെ വിശ്വാസ്യത നേടണമെന്നും ചൂണ്ടിക്കാട്ടി.

ഹേബിയസ് കോര്‍പ്പസില്‍ മാത്രമാണ് ഈ വിധിയെന്നും സ്ഥാപനത്തിനെതിരെയുള്ള മറ്റന്വേഷണങ്ങളില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

യുവതികള്‍ ഇഷ ഫൗണ്ടേഷന്റെ തടങ്കലിലാണെന്ന് കാണിച്ച് പിതാവ് കാമരാജ് മദ്രാസ് ഹൈക്കോടതിക്ക് നല്‍കിയ ഹരജിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ നടപടിയെ സുപ്രീം കോടതി എതിര്‍ക്കുകയും പൊലീസ് റെയ്ഡ് നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

പൊലീസിനെയും സൈന്യത്തെയും അത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ കയറാന്‍ അനുവദിക്കുന്നത് ആളുകളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ഇടയാക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നത്.

തമിഴ്നാട് കാര്‍ഷിക ഗവേഷക സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസര്‍ ഡോ.എസ് കാമരാജ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈക്കോടതി ഇഷ ഫൗണ്ടേഷനെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. തന്റെ രണ്ട് പെണ്‍മക്കളായ ഗീത കാമരാജ് (42), ലതാ കാമരാജ് (39) എന്നിവരെ ഇഷ ഫൗണ്ടേഷന്‍ അധികൃതര്‍ അവിടെ സ്ഥിരതാമസമാക്കാന്‍ പ്രേരിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തത്.

പിന്നാലെ കോയമ്പത്തൂര്‍ റൂറല്‍ പൊലീസിനോട് ഇഷ ഫൗണ്ടേഷനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തന്റെ മക്കളെ ഫൗണ്ടേഷന്‍ തടവില്‍ വെച്ചിരിക്കുകയാണെന്ന് പറഞ്ഞ കാമരാജ് അവരെ സ്ഥാപനം ബ്രെയിന്‍ വാഷ് ചെയ്യുകയാണെന്നും കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നത് വിലക്കിയതായും ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇഷ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.

Content Highlight: Supreme Court ends further proceedings in habeas corpus case against Isha Foundation

Video Stories

We use cookies to give you the best possible experience. Learn more