ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വഴിയിലുള്ള തെരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്നും ഇതിനൊപ്പം പേപ്പര്‍ ട്രെയില്‍ ഏര്‍പ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം പേപ്പര്‍ ട്രെയിലും കൊണ്ടുവരണമെന്നായിരുന്നു 2013 ഒക്ടോബര്‍ ഒമ്പതിന് സുപ്രീം കോടതി ഉത്തരവിട്ടത്.
“സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് ഇത് അത്യാവശ്യമാണ്.” എന്നു പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് ഈ നിര്‍ദേശം നല്‍കിയതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
വോട്ട് വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വി.വി.പി.എ.ടി) കൊണ്ടുവരാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച യാതൊരു നടപടിയും മുന്നോട്ടു നീങ്ങിയില്ല. കേന്ദ്രത്തില്‍ നിന്നും ഇതിനുവേണ്ട സാമ്പത്തിക സഹായം ലഭിക്കാത്തതാണ് പദ്ധതി വൈകാന്‍ കാരണമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അടുത്തിടെ കോടതിയെ അറിയിച്ചത്.
2017 ജനുവരി ഏഴിന് കോടതി വി.വി.പി.ടിയുടെ പുരോഗതി പരിശോധിക്കുകയും പദ്ധതി എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയും എന്നതു സംബന്ധിച്ച് കോടതിയില്‍ രേഖാമൂലം മറുപടി നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് ആവശ്യമായ ഫണ്ടിന്റെ വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ സോളിസിറ്റര്‍ ജനറലിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എട്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച് മറുപടി നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.
എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വി.വി.പി.എ.ടി വരാന്‍ പത്തു പന്ത്രണ്ടു വര്‍ഷമെടുക്കുമെന്ന നിലപാടിലാണ് ബി.ജെ.പി.
“ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കു പകരം വി.വി.പി.എ.ടി മെഷീനുകള്‍ വയ്ക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇതിനുവേണ്ടി 5000 കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിന് 10-12 വര്‍ഷമെടുക്കും. പരിഷ്‌കരണം തുടര്‍ച്ചയായ നടപടിയാണ്. അതിനു സമയമെടുക്കും. ” എന്നാണ് ബി.ജെ.പി നേതാവ് കീര്‍ത്തി സോമയ്യ പറഞ്ഞതെന്ന് ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ടു രേഖപ്പെടുത്തിയാല്‍ ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന ഒരു പ്രിന്റ് ഔട്ട് ലഭിക്കുകയും ഈ പ്രിന്റ് ഔട്ട് ബാലറ്റില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് വി.വി.പി.എ.ടി രീതി. ആര്‍ക്കാണ് വോട്ടു ചെയ്തതെന്ന് വോട്ടര്‍ക്ക് ഉറപ്പിക്കാനും എന്തെങ്കിലും തരത്തിലുള്ള ആക്ഷേപങ്ങള്‍ ഉയരുകയാണെങ്കില്‍ ബാലറ്റ് എണ്ണി തര്‍ക്കം പരിഹരിക്കാനും ഇത് സഹായിക്കുമെന്ന വിലയിരുത്തലിലാണ് കോടതി ഇത്തരമൊരു രീതി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ടിങ് അട്ടിമറിക്കാമെന്ന ആരോപണവുമായി ബി.ജെ.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. 2014നു മുമ്പ് ഇത്തരമൊരു ആവശ്യം ശക്തമായി മുന്നോട്ടുവെച്ച ബി.ജെ.പി അധികാരത്തിലെത്തിയശേഷം ഇതിനുവേണ്ടി കാര്യമായി പ്രവര്‍ത്തിച്ചില്ല എന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.
Dont miss ‘ബി.ജെ.പി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ഗോവയില്‍ ഗവര്‍ണര്‍ മര്യാദ പാലിച്ചില്ല: കോണ്‍ഗ്രസ്
“വി.വി.പി.എ.ടി സമ്പ്രദായം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. പരീക്ഷാണാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനും ഇതിന് ശ്രമിച്ചിരുന്നു. എന്നാല്‍ വിതരണവും സാമ്പത്തികവുമുള്‍പ്പെടെ മറ്റു പല പ്രശ്‌നങ്ങളുമുണ്ട്.” എന്നാണ് പദ്ധതി വൈകുന്നതു സംബന്ധിച്ച് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണര്‍ ജെ.എസ് സഹരിയ പറഞ്ഞതെന്ന് ഫെബ്രുവരി 28ന് ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.