ഗ്യാന്‍വാപി മസ്ജിദിലെ പൂജയ്ക്ക് സ്റ്റേ ഇല്ല; ഹിന്ദു വിഭാഗത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
national news
ഗ്യാന്‍വാപി മസ്ജിദിലെ പൂജയ്ക്ക് സ്റ്റേ ഇല്ല; ഹിന്ദു വിഭാഗത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st April 2024, 4:29 pm

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ പൂജ നടത്തുന്നതില്‍ സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. മസ്ജിദിന്റെ തെക്കന്‍ നിലവറയില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതിയുടെ ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം.

നിലവറയിലെ പൂജ കര്‍മങ്ങളില്‍ സ്റ്റേ അനുവദിക്കണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റി ഉന്നയിച്ചിരുന്ന ആവശ്യം. എന്നാല്‍ നിലവില്‍ മസ്ജിദിനുള്ളില്‍ നടക്കുന്ന പൂജ തുടരുമെന്നാണ് കോടതിയുടെ നിര്‍ദേശം. നിലവറയില്‍ പൂജ ചെയ്യുന്നതുകൊണ്ട് പള്ളിയില്‍ നിസ്‌കരിക്കുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.

ജൂലൈയില്‍ കേസില്‍ അന്തിമ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേസമയം ഗ്യാന്‍വാപിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന തങ്ങളുടെ അധീനതയിലാണെന്നും വ്യാസ കുടുംബത്തിനും മറ്റും തെഹ്ഖാനയ്ക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശമില്ലെന്നുമായിരുന്നു ആദ്യ ഹരജിയില്‍ കമ്മിറ്റി പറഞ്ഞിരുന്നത്.

1993 മുതല്‍ തെഹ്ഖാനയില്‍ പൂജ നടന്നിട്ടില്ലെന്ന വസ്തുത സമ്മതിക്കുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്‍ 30 വര്‍ഷത്തിന് ശേഷം കോടതി ഒരു റിസീവറെ നിയമിക്കുകയും നിലവിലെ വ്യവസ്ഥകള്‍ മാറ്റുകയും ചെയ്താല്‍ അതിന് പിന്നില്‍ എന്തെങ്കിലും ന്യായമായ കാരണങ്ങള്‍ ഉണ്ടാകേണ്ടിയിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി കോടതിയില്‍ വാദിച്ചു. ഈ ഹരജി തള്ളിയാണ് അലഹബാദ് ഹൈക്കോടതി വാരണാസി കോടതിയുടെ ഉത്തരവ് അംഗീകരിച്ചത്.

Content Highlight: Supreme Court does not grant stay on performing puja at Gyanwapi Masjid