| Saturday, 18th January 2020, 10:11 am

കല്‍ബുര്‍ഗി കേസ് പ്രത്യേക അന്വേഷണ വിഭാഗത്തിന് വിടണമെന്ന ഹരജി തള്ളി സുപ്രിംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കന്നട എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന എം. എം കല്‍ബുര്‍ഗിയുടെ കൊലപാതകക്കേസ് പ്രത്യേക അന്വേഷണ വിഭാഗത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി.

കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി കല്‍ബുര്‍ഗിയാണ് സുപ്രീം കോടതിയില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. എന്നാല്‍ കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന കാരണത്താല്‍ ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍ അടങ്ങുന്ന ബെഞ്ച് ഹരജി തള്ളുകയായിരുന്നു.

2015 ആഗസ്റ്റ് 30നാണ് കല്‍ബുര്‍ഗിയെ കര്‍ണാടകയിലുള്ള അദ്ദേഹത്തിന്റെ വീടിനടുത്തു വെച്ച് ഒരു സംഘം വെടിവെച്ച് കൊന്നത്.

കല്‍ബുര്‍ഗിയുടെ കേസന്വേഷണം കഴിഞ്ഞ ഫെബ്രുവരിയില്‍ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകമന്വേഷിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗത്തെ ഏല്‍പ്പിച്ചിരുന്നു. അതിന് മുമ്പ് കര്‍ണാടക സി.ഐ.ഡിയായിരുന്നു കല്‍ബുര്‍ഗി കേസ് അന്വേഷിച്ചിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്ടിവിസ്റ്റുകളായ നരേന്ദ്ര ധബോല്‍കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതകങ്ങള്‍ക്കൊപ്പമായിരുന്നു ആദ്യം കല്‍ബുര്‍ഗി കേസും അന്വേഷിച്ചിരുന്നത്. ഈ കേസുകള്‍ തമ്മില്‍ ബന്ധമുണ്ടെന്ന തരത്തിലുള്ള വാദഗതികളായിരുന്നു സുപ്രീം കോടിതിയ്ക്കുമുന്നില്‍ വന്നിരുന്നത്.

ഗൗരി ലങ്കേഷിന്റെയും ധബോല്‍ക്കറുടെുയും പന്‍സാരെയുടെയും കൊലപാതകങ്ങളില്‍ ശരിയായ അന്വേഷണം നടത്തണമെന്നും ഉമാദേവി ആവശ്യപ്പെട്ടിരുന്നു.

ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത് 2017 സെപ്റ്റംബര്‍ 5ന് ബെംഗളൂരുവിലെ അവരുടെ വീടിനു സമീപത്തുവെച്ച് വെടിയേറ്റാണ്. സമാന സാഹചര്യത്തില്‍ തന്നെയാണ് 2015ല്‍ കല്‍ബുര്‍ഗിയുടെ മരണവും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015 ഫെബ്രുവരി 16ന് കൊലചെയ്യപ്പെട്ട ഗോവിന്ദ് പന്‍സാരെയുടെയും 2013 ആഗസ്റ്റ് 20ന് കൊലചെയ്യപ്പെട്ട നരേന്ദ്ര ധബോല്‍ക്കറുരടെയും കൊലപാതകികള്‍ തന്നെയാണ് കല്‍ബുര്‍ഗിയുടെയും മരണത്തിന് പിന്നില്‍ എന്നാണ് ഉമാദേവി വിശ്വസിക്കുന്നത്.

We use cookies to give you the best possible experience. Learn more