ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ദല്‍ഹി ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.
സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നീ കുറ്റങ്ങളായിരുന്നു ചുമത്തിയത്. കേസില്‍ ദല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 23-നാണ് ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്.
25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണു ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതി ഇല്ലാതെ രാജ്യം വിടരുതെന്ന ഉപാധിയുമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തന്റെ രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ജയിലില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ ശിവകുമാര്‍ പറഞ്ഞിരുന്നു. തന്റെ ജയില്‍ അനുഭവങ്ങളെ പുസ്തകമാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.
‘എനിക്ക് 58 വയസ്സായി. അടുത്ത രണ്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍ ഞാനൊരു മുതിര്‍ന്ന പൗരനാവും. എന്റെ രാഷ്ട്രീയ ഭാവി എങ്ങനെയായിരിക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. രാഷ്ട്രീയചക്രം ഒരുദിവസം നമ്മുടെ വഴിക്കും വരും. എനിക്കറിയാം അതെങ്ങനെ തിരിക്കണമെന്ന്.’- അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. സിദ്ധരാമയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എം.എല്‍.എയാണ് താന്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തിന് വഴങ്ങി താന്‍ പ്രവര്‍ത്തിക്കുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞിരുന്നു.