ന്യൂദല്‍ഹി: ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് പരസ്യങ്ങള്‍ വിലക്കിയ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജി തളളി സുപ്രീം കോടതി. തൃണമൂല്‍ കോണ്‍ഗ്രസിനെ അധിക്ഷേപിക്കുന്ന വിധത്തില്‍ പ്രചരിപ്പിച്ച ബി.ജെ.പി പരസ്യങ്ങള്‍ക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഹരജി തള്ളിയ സുപ്രീം കോടതി പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അപമാനകരമാണെന്ന് വ്യക്തമാക്കി.
പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ലംഘിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്.
അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കൈകൊടുക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ പറഞ്ഞു. എന്നാല്‍ വസ്തുതകളെ ചൂണ്ടിക്കാട്ടുന്ന പരസ്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ബി.ജെ.പി പരസ്യങ്ങള്‍ക്കെതിരായ പരാതികള്‍ തീര്‍പ്പാക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യം നല്‍കുന്നതില്‍ നിന്ന് ബി.ജെ.പിയെ വിലക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.
ടി.എം.സി അഴിമതി പാര്‍ട്ടിയാണെന്നും ഹിന്ദു വിരുദ്ധ സംഘടനയാണെന്നും പറഞ്ഞാണ് ബി.ജെ.പി പരസ്യം നല്‍കിയിരുന്നത്. ഇതിനുപുറമെ തൃണമൂല്‍ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പരസ്യം അവകാശപ്പെടുകയും ചെയ്തിരുന്നു. പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലാണ് ഈ പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന് തൃണമൂല്‍ ചൂണ്ടിക്കാട്ടിയിരുന്നു.