ന്യൂദല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനുള്ള സമിതി രൂപീകരിക്കാനുള്ള ഗുജറാത്ത്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള
പൊതുതാല്‍പ്പര്യ ഹരജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച തള്ളിയത്.
ഒരു സംസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനുള്ള സമിതി രൂപീക്കുക എന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും പി.എസ്. നരസിംഹയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 162 പ്രകാരം ഇത് സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്ന് പറഞ്ഞ ബെഞ്ച് തീരുമാനം ഭരണഘടനയെ ബാധിക്കുന്ന വെല്ലുവിളിയായി കണക്കാക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
കണ്‍കറന്റ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമങ്ങള്‍ ഉണ്ടാക്കാമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന അജണ്ടകളിലൊന്നാണ് ഏകീകൃത സിവില്‍കോഡ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനുള്ള നടപടികളുമായി ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ടുപോയതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഉത്തരാഖണ്ഡ് സര്‍ക്കാരും നേരത്തെ ഏകീകൃത സിവില്‍കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിച്ചിരുന്നു. വെബ് പോര്‍ട്ടല്‍ വഴി പൊതുജനങ്ങളില്‍ നിന്ന് ഇതുസംബന്ധിച്ച അഭിപ്രായം തേടുകയും ചെയ്തിരുന്നു.