ബി.ജെ.പിക്കും എസ്.ബി.ഐക്കും തിരിച്ചടി; നാളെ തന്നെ ഇലക്ടറൽ ബോണ്ട്‌ രേഖകൾ കൈമാറണമെന്ന് സുപ്രീം കോടതി
national news
ബി.ജെ.പിക്കും എസ്.ബി.ഐക്കും തിരിച്ചടി; നാളെ തന്നെ ഇലക്ടറൽ ബോണ്ട്‌ രേഖകൾ കൈമാറണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th March 2024, 12:00 pm

ന്യൂദൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ച ഹരജിയിൽ എസ്.ബി.ഐക്കെതിരെ സുപ്രീം കോടതി. സമയം നീട്ടി നൽകാൻ കഴിയില്ലെന്നും അടുത്ത ദിവസം തന്നെ രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകണമെന്നും സുപ്രീം കോടതി പറഞ്ഞു.

രേഖകൾ സമർപ്പിക്കാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നായിരുന്നു എസ്.ബി.ഐയുടെ ഹരജി.

മാർച്ച് 15 നു മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

രഹസ്യമാക്കി വെച്ചത് വെളിപ്പെടുത്താനാണ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി വിമർശിച്ചു.

വിധി വന്ന ശേഷം 26 ദിവസം എന്ത് നടപടിയെടുത്തു എന്നും സീൽഡ് കവറില്ലേ, അത് തുറന്നാൽ പോരേ എന്നും സുപ്രീം കോടതി എസ്.ബി.ഐയോട് ചോദിച്ചു.

വിവരങ്ങൾ ശേഖരിക്കുന്നതേയുള്ളൂ എന്നും സമയം വേണമെന്നുമായിരുന്നു എസ്.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവെയുടെ വാദം.

വിവരം തിടുക്കത്തിൽ നൽകി തെറ്റ് വരുത്താൻ കഴിയില്ല എന്നും സമയം നൽകിയാൽ വിവരം കൈമാറാമെന്നും സാൽവെ പറഞ്ഞു.

ബോണ്ട് വാങ്ങിയവരുടെ വിശദാംശവും കോഡ് നമ്പറും കോർ ബാങ്കിങ് സിസ്റ്റത്തിലില്ലെന്ന് എസ്.ബി.ഐ അറിയിച്ചു.

വിവരങ്ങളെല്ലാം മുംബൈ ബാങ്കിൽ ഇല്ലേ എന്നും പതിനായിരം ബോണ്ടുകൾ എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങൾ കൈമാറാൻ എസ്.ബി.ഐക്ക് നൽകിയ സമയം മാർച്ച്‌ ഒമ്പതിന് അവസാനിച്ചിരുന്നു.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാവാതിരിക്കാനാണ് എസ്.ബിഐ സമയം നീട്ടി ചോദിക്കുന്നത് എന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.

Content Highlight: Supreme court directs SBI to tranfer Electoral bond details to Election Commission tomorrow itself