|

മെട്രോപൊളിറ്റൻ നഗരങ്ങളിൽ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ തോട്ടിപ്പണി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് നാല് ആഴ്ചയ്ക്കുള്ളിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: മെട്രോപൊളിറ്റൻ നഗരങ്ങളിൽ, കഴിഞ്ഞ മൂന്ന് മാസത്തിനിടെ തോട്ടിപ്പണി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് നാല് ആഴ്ചയ്ക്കുള്ളിൽ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

‘കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തോട്ടിപ്പണി ചെയ്യുന്നതിനിടെ ഉണ്ടായ എല്ലാ മരണങ്ങളിലും, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക്, 2013 ലെ മാനുവൽ തോട്ടിപ്പണി നിരോധനവും അവരുടെ പുനരധിവാസ നിയമവും പ്രകാരം 30 ലക്ഷം രൂപ നൽകണം. ഇന്ന് മുതലുള്ള നാല് ആഴ്ചക്കുള്ളിൽ സഹായം ബന്ധുക്കൾക്ക് ലഭിച്ചുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം,’ കോടതി വിധിച്ചു.

മനുഷ്യരെയിറക്കിയുള്ള തോട്ടിപ്പണി നിരോധിക്കാനെടുത്ത നടപടികളെക്കുറിച്ച് മെട്രോപൊളിറ്റൻ നഗരങ്ങൾ സമർപ്പിച്ച സത്യവാങ്മൂലം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതി വിമർശിച്ചു. അടുത്ത വാദം കേൾക്കുമ്പോൾ ശരിയായ സത്യവാങ്മൂലങ്ങൾ സമർപ്പിച്ചില്ലെങ്കിൽ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും ഡ്രെയിനേജ് ക്‌ളീനിങ്ങും നിരോധിക്കുന്നതിനെക്കുറിച്ചുള്ള സത്യവാങ്മൂലങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ദൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഉദ്യോഗസ്ഥരെ സുപ്രീം കോടതി അടുത്തിടെ വിളിച്ചുവരുത്തിയിരുന്നു.

ദൽഹി ജൽ ബോർഡ് (ഡി.ജെ.ബി), കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെ.എം.സി), ഹൈദരാബാദ് മെട്രോപൊളിറ്റൻ വാട്ടർ & സീവറേജ് ബോർഡ് എന്നിവ തങ്ങളുടെ നഗരങ്ങളിൽ തോട്ടിപ്പണിയും അപകടകരമായ രീതിയിൽ മനുഷ്യരെ ഇറക്കിയുള്ള ശുചീകരണവും നിർത്തിവച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാൽ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിർത്തിയതിന് പിന്നാലെയും അത് മൂലമുള്ള മരണങ്ങൾ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരു വിശദീകരണവും നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മരണങ്ങൾ നടന്ന മലിനജല പൈപ്പ് ഡി.ജെ.ബിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ദൽഹി ജൽ ബോർഡിനെ പ്രതിനിധീകരിച്ച അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ വാദം കേൾക്കലിൽ,മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും ഡ്രെയിനേജ് ക്‌ളീനിങ്ങും പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെന്ന് ഡി.ജെ.ബി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നുവെങ്കിലും മരണങ്ങൾ എങ്ങനെ സംഭവിച്ചുവെന്നതിന് സത്യവാങ്മൂലത്തിൽ ഒരിടത്തും ഉത്തരം ലഭിച്ചിട്ടില്ലെന്ന് കോടതി വിമർശിച്ചു.

അതേസമയം 2013 മുതൽ ബെംഗളൂരുവിൽ ഒരു തരത്തിലുള്ള തോട്ടിപ്പണിയും നടത്തുന്നില്ലെന്ന് ബി.ബി.എം.പി കമ്മീഷണറെ പ്രതിനിധീകരിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2017 മുതൽ മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ നാഷണൽ സഫായി കരംചാരിയുടെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ മറിച്ചാണ് കാണിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ വായിച്ച ജസ്റ്റിസ് കുമാർ പറഞ്ഞു. 2024ൽ നാല് മരണങ്ങളും 2023 ൽ മൂന്ന് മരണങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം, മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണിയും ഡെയ്‌നേജ് ക്ലീനിങ്ങും എങ്ങനെ, എപ്പോൾ നിർത്തിയെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടില്ലെന്ന് കോടതി വിമർശിച്ചു. വർഷം ഇതുമൂലം മൂന്ന് മരണങ്ങൾ സംഭവിച്ചതിന്റെ കാരണവും വിശദീകരിച്ചിട്ടില്ല.

കൊൽക്കത്ത മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (കെ.എം.ഡി.എ) കീഴിലുള്ള പ്രദേശം ഉൾപ്പെടെ കൊൽക്കത്തയുടെ പ്രാന്തപ്രദേശങ്ങളിലും ആരുടെ നിരീക്ഷണത്തിലും അധികാരപരിധിയിലുമാണ് തോട്ടിപ്പണി നടത്തിയെതെന്ന് വ്യക്തമാക്കാൻ കോടതി പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.

പിന്നാലെ മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിർത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ബെഞ്ച് പറഞ്ഞു. ‘ഞങ്ങൾ നടപടി ആരംഭിക്കും. മനുഷ്യരെ ഇറക്കിയുള്ള തോട്ടിപ്പണി നിർത്തണം, അല്ലാത്തപക്ഷം, ഞങ്ങൾ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. അടുത്ത വാദം കേൾക്കുമ്പോൾ, ശരിയായ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ, അധികാരികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യാൻ കോടതി നിർബന്ധിതരാകും,’ ജസ്റ്റിസ് ധൂലിയ പറഞ്ഞു.

Content Highlight: Supreme Court Directs Payment Of Rs 30 Lakhs Compensation Within 4 Weeks For Manual Sewer Cleaners’ Deaths In Metros In Last 3 Months

Latest Stories