| Thursday, 18th July 2024, 5:06 pm

നീറ്റ് ക്രമക്കേട്; പരീക്ഷ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ഫലവും ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീറ്റ് ക്രമക്കേടില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. പരീക്ഷയില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിന് നീറ്റ് പരീക്ഷയുടെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

പരീക്ഷ കേന്ദ്രങ്ങള്‍ ഉൾപ്പെടുത്തി മുഴുവന്‍ ഫലങ്ങളും ശനിയാഴ്ച ഉച്ചക്ക് മുമ്പ് പ്രസിദ്ധീകരിക്കണമെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നിര്‍ദേശം നല്‍കിയത്.

ആദ്യഘട്ടത്തില്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും പിന്നീട് എന്‍.ടി.എയുടെ ആവശ്യം അനുസരിച്ച് ശനിയാഴ്ച വരെ സമയം നല്‍കുകയായിരുന്നു.

23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കേണ്ടതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് എന്‍.ടി.എയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ നരേഷ് കൗശിക് കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ച് ബെഞ്ച് ശനിയാഴ്ച വരെ സമയം നീട്ടിനൽകി.

പരീക്ഷ കേന്ദ്രവും പരീക്ഷ നടന്ന സ്ഥലവും ഉള്‍പ്പെടുത്തി ഓരോ വിദ്യാര്‍ത്ഥുയുടെയും മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇതിനോട് എന്‍.ടി.എ വിയോചിപ്പ് രേഖപ്പെടുത്തിയിരുന്നു.

ഇത് വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് എന്‍.ടി.എ കോടതിയില്‍ പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ റോള്‍ നമ്പര്‍ മറച്ചുകൊണ്ട് ഫലം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് കോടതി പിന്നീട് നിര്‍ദേശം നല്‍കി.

ക്രമക്കേടില്‍ കൂടുതല്‍ വ്യക്തത വരാന്‍ വേണ്ടിയാണ് പരീക്ഷ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശം നൽകിയത്.

പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും ആരോപിച്ച് 2024ലെ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ. ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേസ് വാദം കേള്‍ക്കുന്നതിനായി തിങ്കളാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

Content Highlight: Supreme Court Directs NTA To Publish Results Of All Candidates Centre-Wise Masking Identities

We use cookies to give you the best possible experience. Learn more