ഇനിയും കാത്തിരിക്കാനാവില്ല; കേന്ദ്രത്തിന്റെ തീരുമാനം തള്ളി സുപ്രീംകോടതി; ഡിഫന്‍സ് അക്കാദമിയിലെ സ്ത്രീ പ്രവേശനത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശം
ന്യൂദല്‍ഹി: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഒരു വര്‍ഷം കൂടി നീട്ടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
ഇനിയും കാത്തിരിക്കാനാവില്ലെന്നും എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള അവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാന്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം അടുത്ത വര്‍ഷം മെയില്‍ പുറത്തിറക്കുമെന്നായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.
എന്നാല്‍ ഇനിയും ഒരു വര്‍ഷം കാത്തിരിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്.കെ. കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള വിഭാഗമാണ് സൈന്യമെന്നും, നിലവിലെ സാഹചര്യത്തെ നേരിടുന്നതിന് പ്രതിരോധ വകുപ്പ് യു.പി.എസ്.സിയുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം അക്കാദമിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായി പാഠ്യപദ്ധതിയും പരിശീലനപദ്ധതിയും തയ്യാറാക്കാന്‍ വിദഗ്ധസമിതി രൂപീകരിച്ചിട്ടുണ്ടെന്നും സ്ത്രീകള്‍ക്കായി കുതിര സവാരി, നീന്തല്‍, കായികവിനോദങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കണമെന്നും അതുകൊണ്ട് തന്നെ പ്രത്യേക താമസസൗകര്യം, പാഠ്യപദ്ധതി, പരിശീലന പദ്ധതി തുടങ്ങിയവ ഏര്‍പ്പാടാക്കാന്‍ സമയം വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സ്ത്രീകള്‍ക്ക് എന്‍.ഡി.എയില്‍ പ്രവേശനം നല്‍കണമെന്ന് 2020 മാര്‍ച്ച് 17നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.