| Monday, 3rd July 2023, 1:31 pm

മണിപ്പൂര്‍ സംഘര്‍ഷത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; സര്‍ക്കാരിനോട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘര്‍ഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. അക്രമം തടയാനായി സ്വീകരിച്ച നടപടികള്‍, വീട് നഷ്ടപ്പെട്ടവര്‍ക്കായി ഒരുക്കിയ പുനരധിവാസ ക്യാമ്പുകള്‍, സേനാ വിന്യാസം എന്നിവയെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

കുകി വിഭാഗത്തിന് സംരക്ഷണം നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള മണിപ്പൂരിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ പതിയെ മെച്ചപ്പെട്ടുവരികയാണെന്ന് കേന്ദ്രത്തിനും മണിപ്പൂര്‍ സര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മണിപ്പൂര്‍ പൊലീസിന് പുറമേ മണിപ്പൂര്‍ റൈഫിള്‍സ്, മണിപ്പൂര്‍ കമാന്‍ഡോസ് തുടങ്ങിയവരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാല്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണെന്ന് അഡ്വ. കോളിന്‍ ഗോസാല്‍വെസ് വാദിച്ചു. അക്രമികളെ തടഞ്ഞ് നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇനിയും വഷളാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസ് ജൂലൈ 10നേക്ക് പരിഗണിക്കാനായി കോടതി മാറ്റി.

കഴിഞ്ഞ ദിവസം യുണൈറ്റഡ് പീപ്പിള്‍സ് ഫ്രണ്ടും കുകി നാഷണല്‍ ഓര്‍ഗനൈസേഷനും കാങ്‌പോക്കി ദേശീയപാതയില്‍ നടത്തിയിരുന്ന റോഡ് ഉപരോധം പിന്‍വലിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്ന് റോഡ് ഉപരോധം പിന്‍വലിക്കുന്നതായി സംഘടനകള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതില്‍ ആഭ്യന്തര മന്ത്രി ആശങ്ക പ്രകടിപ്പിച്ചതായും സംഘടനകള്‍ പറഞ്ഞു.

എന്നാല്‍ കുകി സിവില്‍ സൊസൈറ്റി കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റി എന്‍.എച്ച് 2ല്‍ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മണിപ്പൂരില്‍ മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ എന്‍.എച്ച് 2 കുകി സംഘടനകള്‍ ഉപരോധിച്ചിരുന്നു. പിന്നീട് അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ താല്‍ക്കാലികമായി ഉപരോധം പിന്‍വലിക്കുകയായിരുന്നു.

മെയ്തി വിഭാഗം പട്ടികവര്‍ഗ പദവി ആവശ്യപ്പെട്ടതിന് പിന്നാലെ മെയ് മൂന്നിന് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിക്കപ്പെട്ടതോടെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലേറെ ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlight: Supreme Court directed the Manipur government to submit report on manipur violence

We use cookies to give you the best possible experience. Learn more