| Wednesday, 2nd August 2023, 4:51 pm

ഹരിയാന വിഷയത്തിലെ ദല്‍ഹിയിലെ പ്രതിഷേധം; സുരക്ഷയും സി.സി.ടി.വി നിരീക്ഷണവും ഉറപ്പാക്കാന്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷത്തില്‍ വിശ്വ ഹിന്ദുപരിഷത്തും വി.എച്ച്.പി പ്രവര്‍ത്തകരും ദല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സാഹര്യത്തില്‍ ശക്തമായ സുരക്ഷയും സി.സി.ടി.വി നിരീക്ഷണവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം. സമരത്തിനിടെ വിദ്വേഷ പ്രസംഗവും അക്രമവും ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടു. അര്‍ധസൈനിക വിഭാഗത്തെ ഉള്‍പ്പെടെ വിന്യസിക്കണമെന്നും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി. ഭാട്ടി അടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ദല്‍ഹിയിലെ 23 ഇടങ്ങളില്‍ വി.എച്ച്.പിയും ബജ്‌റംഗ്ദളും പ്രകടനം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ളക്ക് വേണ്ടി ഹാജരായ സി.യു.സിങ് സുപ്രീം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്.

‘ അക്രമവും വിദ്വേഷ പ്രസംഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണം. എല്ലാം റെക്കോര്‍ഡ് ചെയ്യുന്നതിനായി എല്ലായിടത്തും സി.സി.ടി.വി സ്ഥാപിക്കണം,’ കോടതി പറഞ്ഞു.

ഹരിയാനയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും വസ്തുവകകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിഷേധം. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹരജിക്കാരുടെ അഭിഭാഷകന്‍ സി.യു. സിങ് ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ബെഞ്ചിനെ സമീപിച്ച് കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്ര ചൂഡിനെ സമീപിക്കാന്‍ ജസ്റ്റിസ് ബോസ് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് സുപ്രീം കോടതി കേസ് പരിഗണനക്കെടുത്തത്. കേസ് പരിശോധിച്ച ശേഷം ഇവ പരിഗണിക്കുന്നതിനായി ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി ഭാട്ടി എന്നിവരുടെ പ്രത്യേക ബെഞ്ചിനെ ചീഫ് ജസ്റ്റിസ് രൂപീകരിക്കുകയായിരുന്നു.

ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പിയും ബജ്‌റംദളും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടായതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്. ഘോഷയാത്രക്കെതിരെ കല്ലേറും വെടിവെപ്പും ഉണ്ടായി. 2500തോളം ആളുകള്‍ അമ്പലത്തിനുള്ളില്‍ അഭയം തേടി.

ഇത് വലിയ വര്‍ഗീയ കലാപമാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച പള്ളിക്ക് നേരെ ആക്രമണം ഉണ്ടാകുകയും പുരോഹിതന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ഇന്റര്‍നെറ്റ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഗുരുഗ്രാമിലെ സ്ഥിതിഗതികള്‍ ദല്‍ഹി അധികൃതര്‍ നിരീക്ഷിച്ചുവരികയാണ്. പ്രതിഷേധങ്ങള്‍ നടക്കാനിടയുള്ള റോഡിനടുത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമുദായ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും പ്രതിഷേധം നടക്കുന്ന മേഖലകളിലെല്ലാം സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദല്‍ഹി ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആക്രമണങ്ങളില്‍ ഇതുവരെ ആറ് പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 166 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlight: Supreme court directed authorities to ensure security in delhi protest

Latest Stories

We use cookies to give you the best possible experience. Learn more