|

ഔറംഗാബാദിന്റെ പേര് മാറ്റം; സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടാനാവില്ല; ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഔറംഗാബാദ് നഗരത്തിന്റെ പേര് മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. റോഡുകള്‍ക്കും നഗരങ്ങള്‍ക്കും പേരിടുന്നതും മാറ്റം വരുത്തുന്നതുമൊക്കെ ഭരിക്കുന്ന സര്‍ക്കാറിന്റെ അധികാര പരിധിയില്‍പ്പെടുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹരജി തള്ളിയത്.

നിലവില്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഔറംഗാബാദ് നഗരത്തിന് ഛത്രപതി സംബാജി നഗര്‍ എന്ന് പേരിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

നിലവില്‍ കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹരജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. റോഡുകള്‍ക്കും നഗരങ്ങള്‍ക്കും പേരിടുന്നതും മറ്റ് അനുബന്ധ നടപടികളും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ പെടുന്നതാണ്,’ കോടതി വിധി ന്യായത്തില്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.

2020ലാണ് ഔറംഗാബാദ് നഗരത്തിന്റെ പേര് ഛത്രപതി സംബാജി നഗര്‍ എന്നാക്കി മാറ്റുമെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ ഉത്തരവിടുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഹമ്മദ് ഹിഷാം ഉസ്മാനി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഇപ്പോള്‍ വിധിപുറപ്പെടുവിച്ചിരിക്കുന്നത്.

Content Highlight: supreme court denies plea on aurangabad