പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി
Kerala News
പെരിയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്തുള്ള ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st December 2020, 3:49 pm

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പെരിയ കേസ് സി.ബി.ഐ അന്വേഷണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തരമായി റദ്ദു ചെയ്യണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.

പെരിയ കേസില്‍ സി.ബി.ഐ അന്വേഷണമാകാമെന്നും അറിയിച്ച സുപ്രീം കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കോടതി ശരിവെക്കുകയും ചെയ്തു.

വിചാരണയെ ബാധിക്കുന്നതിനാല്‍ കേസില്‍ അധികം ഇടപെടുന്നില്ലെന്ന് പറഞ്ഞ കോടതി കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉടന്‍ സി.ബി.ഐക്ക് കൈമാറാനും പൊലീസിനോട് ആവശ്യപ്പെട്ടു.

കേസ് സി.ബി.ഐ അന്വേഷിക്കുന്നു എന്നതുകൊണ്ട് പൊലീസിന്റെ ആത്മവീര്യം ചോരില്ലെന്നും ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പെരിയ കേസ് അന്വേഷിക്കാനാവുന്നില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസില്‍ ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാല്‍ കേസ് അന്വേഷിക്കാനാകുന്നില്ലെന്നും രേഖകള്‍ കൈമാറാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമായിരുന്നു സി.ബി.ഐ കോടതിയില്‍ പറഞ്ഞത്.

ക്രൈം ബ്രാഞ്ച് ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. അതുകൊണ്ട് സി.ബി.ഐ അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞത്.

പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ഡിവിഷന്‍ ബെഞ്ച് വിധി വന്നിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്തത് ചര്‍ച്ചയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയുണ്ടായപ്പോള്‍ തന്നെ സി.ബി.ഐ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു.

അതിനിടെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സി.ബി.ഐ അന്വേഷണം നടത്തണമെന്ന് സിങ്കിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയും ചെയ്തിരുന്നു.

നേരത്തെ കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്ന കാണിച്ച് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമപരമായും സാങ്കേതികമായുമുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കേസില്‍ അന്വേഷണം തുടരാന്‍ കഴിയുന്നില്ലെന്നാണ് അന്ന് സി.ബി.ഐ കോടതിയെ സമീപിച്ചത്.

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് നേരത്തെ തന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlight: Supreme court denies the government’s plea in Periya Case