India
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ആറാം തവണയും മാറ്റിവെച്ച് സുപ്രീം കോടതി; ഇനിയുമെത്ര കാലം അഴിക്കുള്ളില്‍ കിടക്കണമെന്ന് സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 13, 07:41 am
Friday, 13th October 2023, 1:11 pm

 

ന്യൂദല്‍ഹി: മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലീദിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി.
2020 ല്‍ ദല്‍ഹിയില്‍ നടന്ന സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് യു.എ.പി.എ ചുമത്തിയ കേസിലാണ് ജാമ്യാപേക്ഷ നവംബര്‍ 1 ലേക്ക് മാറ്റിയത്.

നോട്ടീസ് അയച്ച ശേഷം ഇത് ആറാം തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റിവെക്കുന്നത്.
അതേസമയം കേസില്‍ കുറ്റാരോപിതരായ നതാക്ഷ നര്‍വല്‍, ദേവഗ ഖലിത, എസ്. ഐ. ഒ നേതാവ് ആസിഫ് ഇക്ബാല്‍ താന്‍ഹ തുടങ്ങിയവര്‍ക്ക് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു.

‘അദ്ദേഹം ഒരു ചെറുപ്പകാരനും പി.എച്ച്.ഡി സ്‌കോളറുമാണ്, മൂന്ന് വര്‍ഷത്തോളം തുറുങ്കില്‍ അടയ്ക്കാന്‍ മാത്രം എന്താണ് ഇവിടെ നടക്കുന്നത്’ എന്ന് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയോട് ചോദിച്ചു.
ദല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഉമര്‍ ഖാലിദ് സുപ്രീം കോടതിയിലും നിരവധി തവണ സമീപിച്ചെങ്കിലും പല കാരണങ്ങളാല്‍ ഉമറിന്റെ ജാമ്യപേക്ഷ മാറ്റിവെച്ചു.

ദല്‍ഹി കലാപ ഗൂഢാലോചന കേസില്‍ കുറ്റാരോപിതനായി യു.എ.പി.എ ചുമത്തിയത് മൂലം മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമറിന്റെ ജാമ്യപേക്ഷ വ്യാഴായ്ചയും തള്ളിയതിനെ തുടര്‍ന്നാണ് കപില്‍ സിബല്‍ ഈ ചോദ്യമുന്നയിച്ചത്.

‘കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ എത്ര കാലം നിങ്ങള്‍ അവനെ ജയിലില്‍ അടയ്ക്കും, ഇരുപത് മിനിറ്റ് സമയം മതി ഈ കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യപ്പെടുത്താന്‍’ എന്ന് സിബല്‍ പറഞ്ഞിട്ടും സമയപരിമിതി ഉണ്ടെന്ന് ചൂണ്ടി കാട്ടി ജാമ്യപേക്ഷ നവംബര്‍ 1 ലേക്ക് ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ദീപാകര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് മാറ്റുകയായിരുന്നു.

എന്നാല്‍ ഇടക്കാല അപേക്ഷകള്‍ നല്‍കുന്നതുകൊണ്ടാണ് വിചാരണ വൈകാന്‍ കാരണമെന്ന് ദല്‍ഹി പൊലീസിനുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു ആരോപിച്ചു.
ഓഗസ്റ്റ് 9 ന് മുന്‍ ബെഞ്ചിലെ ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര വാദം കേള്‍ക്കലില്‍ നിന്നും പിന്മാറിയിരുന്നു.

Content Highlight: Supreme Court denied Umar Khalid bail