| Sunday, 5th May 2019, 2:03 pm

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതി; ജഡ്ജിമാര്‍ അന്വേഷണസമിതിയെ കണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാതിക്രമ പരാതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢും റോഹിന്‍ടണ്‍ നരിമാനും അന്വേഷണസമിതിയെ കണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സുപ്രീംകോടതി. കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയെ ഇരുവരും കണ്ടിട്ടില്ലെന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ അറിയിച്ചു.

അതേസമയം ചന്ദ്രചൂഢിനൊപ്പം താന്‍ പോയിട്ടില്ലെന്നാണ് നരിമാന്‍ പറഞ്ഞത്. ചന്ദ്രചൂഢ് പോയിട്ടുണ്ടോയെന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടുമില്ല.

ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്ന് ഇരുവരും അന്വേഷണ സമിതി മുന്‍പാകെ ഹാജരായി ആവശ്യപ്പെട്ടെന്നായിരുന്നു ഇന്നു രാവിലെ പുറത്തുവന്ന വാര്‍ത്ത. ഇതാണ് ഇപ്പോള്‍ ഔദ്യോഗികമായിത്തന്നെ കോടതി നിഷേധിച്ചിരിക്കുന്നത്. അന്വേഷണത്തില്‍ തനിക്ക് അതൃപ്തിയില്ലെന്നും നരിമാന്‍ പറഞ്ഞു.

ഇതേ ആവശ്യമുന്നയിച്ച് മേയ് രണ്ടിന് അന്വേഷണ സമിതിക്ക് ചന്ദ്രചൂഢ് കത്തയച്ചിരുന്നു. പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം അന്നു കത്ത് നല്‍കിയത്.
പരാതിക്കാരിയുടെ ആവശ്യപ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ സമിതിയാണ് പരാതി അന്വേഷിക്കുന്നത്.

സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.

ഗോഗോയ്ക്കെതിരേ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീംകോടതി നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ പട്നായിക് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം നടത്തുന്നത് സി.ബി.ഐ-ഐ.ബി-ദല്‍ഹി പോലീസ് എന്നിവരുടെ സംയുക്തസംഘമാണ്.

സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ചീഫ് ജസ്റ്റിസിനെതിരേ പരാതി നല്‍കിയത്. ഏപ്രില്‍ 19-ന് സുപ്രീംകോടതിയിലെ 22 ജഡ്ജിമാര്‍ക്കു നല്‍കിയ സത്യാവാങ്മൂലത്തിലാണ് ആരോപണമുന്നയിച്ചത്. സുപ്രീംകോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35-കാരിയുടേതാണു പരാതി.

We use cookies to give you the best possible experience. Learn more