ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
Kerala News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th October 2024, 2:46 pm

ന്യൂദല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭിഭാഷകന്റെ ഹരജി സുപ്രീം കോടതി തള്ളി. കേസുമായി അഭിഭാഷകനുള്ള ബന്ധമടക്കം ചോദ്യം ചെയ്താണ് കോടതി ഹരജി തള്ളിയത്.

സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ അജീഷ് കളത്തിലാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സുപ്രീം കോടതിയിലേക്ക് വിളിച്ച് വരുത്തണമെന്നും അഭിഭാഷകന്‍ തന്റെ റിട്ട് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐയേയും സംസ്ഥാന സര്‍ക്കാരിനേയും ദേശീയ വനിത കമ്മീഷനേയും എതിര്‍ കക്ഷികളായി ഹരജിയില്‍ ചേര്‍ത്തിരുന്നു.

ഇവയ്ക്ക് പുറമെ റിപ്പോര്‍ട്ടില്‍ പറയുന്ന വസ്തുതകള്‍ പ്രകാരം കേസ് എടുക്കാന്‍ കേരള പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെടണമെന്നും ഹരജിയില്‍ നിര്‍ദേശമുണ്ടായിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിത കമ്മീഷനെ ചുമതലപ്പെടുത്തണമെന്നും ഹരജിയില്‍ ആവശ്യമുണ്ട്‌.

ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭാട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രകാരം കേസ് എടുക്കാം എന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനും ഡബ്‌ള്യു.സി.സി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നിര്‍മാതാവ്‌ സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Content Highlight:  Supreme Court denied CBI investigation on Hema committee report