നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തെക്കുറിച്ചുള്ള പരാതികളും പരിഗണിക്കുമെന്ന് അറിയിച്ച കോടതി ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും പറഞ്ഞു.
ന്യൂദല്‍ഹി: നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്കുണ്ടായ അസൗകര്യത്തെക്കുറിച്ചുള്ള പരാതികളും പരിഗണിക്കുമെന്ന് അറിയിച്ച കോടതി ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തിട്ടുണ്ടെന്നും പറഞ്ഞു.
ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം. കോടതിക്കു മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് നിരീക്ഷണം.
വിശദമായ വാദം വേണമെന്നും ഇതിനായി അടുത്ത വെള്ളിയാഴ്ച പ്രത്യേകമായി കേസ് കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഹാജരായ കപില്‍ സിബലും സര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറലും തമ്മില്‍ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ കബില്‍ സിബല്‍ നോട്ട് പിന്‍വലിക്കല്‍ ഭരണഘടനാ വിരുദ്ധമാണെന്നും തീരുമാനം പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്നും വാദിച്ചു.
നോട്ടുപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും ദുരിതത്തിന് വലിയരീതിയില്‍ കുറവ് വന്നിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാല്‍, ജനങ്ങളുടെ ദുരിതം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പല എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ തിരക്കാണെന്നും കപില്‍ സിബല്‍ തിരിച്ചടിച്ചു. നടപടിക്കെതിരെ സി.പി.ഐ.എം ഉള്‍പ്പെടെ ആറോളം പേര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.