പരാതിക്കാരനെ തൊട്ടാല്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല; യു.പി പൊലീസിനെതിരെ സുപ്രീം കോടതി
national news
പരാതിക്കാരനെ തൊട്ടാല്‍ ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ല; യു.പി പൊലീസിനെതിരെ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 7:40 pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് പൊലീസിനെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. യു.പി പൊലീസ് കോടതിയുടെ അധികാരത്തില്‍ കൈകടത്തരുതെന്ന് കോടതി പറഞ്ഞു. പരാതിക്കാരനെതിരെ നീക്കമുണ്ടായാല്‍ യു.പി ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

അധികാരം ആസ്വദിക്കുന്ന പൊലീസ് ഇപ്പോള്‍ കോടതിയുടെ അധികാരത്തിലും കൈകടത്താന്‍ ശ്രമിക്കുന്നുവെന്നും യു.പി പൊലീസിനെ ബോധവത്ക്കരിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഗുണ്ടാസംഘം നേതാവായ അനുരാഗ് ദുബെക്കെതിരെ തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തുന്ന യു.പി പൊലീസിന്റെ നടപടിക്കെതിരെയാണ് കോടതിയുടെ വിമര്‍ശനം. ഭൂമി കൈയേറ്റം അടക്കമുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ യു.പി പൊലീസ് ചുമത്തിയത്.

എന്നാല്‍ പൊലീസ് നടപടിയെ വിമര്‍ശിച്ച കോടതി, മുന്‍കൂര്‍ അനുമതിയോട് കൂടി മാത്രമേ രേഖപ്പെടുത്തിയ കേസുകളില്‍ അനുരാഗിനെ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും ഉത്തരവിട്ടു. അഥവ അനുരാഗിനെതിരെ ഒരു നീക്കമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തുടര്‍ച്ചയായി കുറ്റങ്ങള്‍ ചുമത്തപ്പെടുമെന്ന ബോധ്യം ഉള്ളതിനാലായിരിക്കാം അനുരാഗ് ദുബെ പൊലീസിന് മുമ്പേ ഹാജരാക്കാത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്കെതിരായ കൊള്ളപ്പലിശ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദുബെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രസ്തുത അപ്പീല്‍ പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിമര്‍ശനം.

അതേസമയം ദുബെക്കെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. തുടര്‍ന്ന് ഇയാള്‍ക്ക് ഇടക്കാല സംരക്ഷണത്തിനും കോടതി ഉത്തരവിട്ടു.

ഉപാധികളോടെയാണ് ഇയാള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. മൊബൈല്‍ ഫോണ്‍ മുഴുവന്‍ സമയവും സ്വിച്ച് ഓണാക്കി വെക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നുമാണ് ഉപാധി.

ഇക്കാലയളവില്‍ അറസ്റ്റില്‍ നിന്ന് അനുരാഗ് ദുബൈയ്ക്ക് നിയമസംരക്ഷണം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം കേള്‍ക്കുന്നത് 2025 ജനുവരി 16 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു. കുപ്രസിദ്ധനായ അനുപം ദുബെയുടെ സഹോദരനാണ് അനുരാഗ് ദുബെ.

Content Highlight:  supreme court critizied up police