| Tuesday, 9th April 2013, 1:20 pm

വ്യാജ ഏറ്റുമുട്ടല്‍ കുറഞ്ഞെന്ന വാദം സര്‍ക്കാര്‍ ഉന്നയിക്കരുത്: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാറിന് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊലപാതകങ്ങള്‍ കുറഞ്ഞെന്ന വാദം സര്‍ക്കാര്‍ ഇനി ഉന്നയിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.[]

വ്യാജ ഏറ്റുമുട്ടലില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കി ഒതുക്കരുത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

വ്യാജ ഏറ്റുമുട്ടലിനെ കുറിച്ചുള്ള സന്തോഷ് ഹെഗ്‌ഡെ റിപ്പോര്‍ട്ട് തള്ളിക്കളയാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹെഗ്‌ഡെ സമിതിയുടെ റിപ്പോര്‍ട്ട് ആധികാരികമല്ലെന്ന് കാണിച്ചുള്ള വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സമിതി കൊണ്ടുവന്ന തെളിവുകള്‍ പുന:പരിശോധിക്കണമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.

മണിപ്പൂരില്‍ സൈന്യവും പോലീസും നടത്തിയ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസ് സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു.
മണിപ്പൂരില്‍ പോലീസും സൈന്യവും നടത്തിയ ആറ് ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്നാണ് സമിതി കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ 1500 ഓളം വ്യാജ ഏറ്റുമുട്ടല്‍ നടന്നുവെന്ന പൊതു താത്പര്യ ഹരജി പരിഗണിച്ച് കൊണ്ടാണ് സുപ്രീം കോടതി സന്തോഷ് ഹെഡ്‌ഗെയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ അന്വേഷണത്തിനായി നിയമിച്ചത്.

സമിതിയുടെ റിപ്പോര്‍ട്ട് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്ന് കോടതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more