മൊഹാലി: ചണ്ഡീഗഡിലെ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിങ് ഓഫീസര്‍ അനില്‍ മസീഹിനെ വിമര്‍ശിച്ച് സുപ്രീം കോടതി. വോട്ടെണ്ണുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മിയുടേയും വോട്ടുകള്‍ അനില്‍ മസീഹിൻ അസാധുവാക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വിമര്‍ശനം.
പ്രിസൈഡിങ് ഓഫീസര്‍ വോട്ടുകള്‍ വളച്ചൊടിച്ചതായി വ്യക്തമാണെന്നും അനില്‍ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യേണ്ടതുണ്ടെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
വോട്ടെണ്ണുന്നതിനിടയില്‍ എന്തിനാണ് അദ്ദേഹം ഇടവിട്ട് ഇടവിട്ട് ക്യാമറയിലേക്ക് നോക്കുന്നതെന്നും ഈ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തെ പരിഹസിക്കുകയും ഹനിക്കുകയും ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി പ്രധാനമാണെന്നും ഈ ജനാധിപത്യ കൊലപാതകം അനുവദിക്കാനാവില്ലെന്നും ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് പൗരസമിതിയുടെ ആദ്യയോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.
കൂടാതെ മേയര്‍ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ രജിസ്ട്രാര്‍ ജനറല്‍ കൈവശം വെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന അപേക്ഷയില്‍ ഇടക്കാല ഇളവ് അനുവദിക്കാന്‍ വിസമ്മതിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് എ.എ.പി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മനോജ് സോങ്കര്‍ എ.എ.പിയുടെ കുല്‍ദീപ് കുമാറിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുകയായിരുന്നു. മനോജ് 16 വോട്ടുകളും കുല്‍ദീപ് 12 വോട്ടുകളുമാണ് നേടിയത്. എട്ട് വോട്ടുകള്‍ അസാധു ആവുകയും ചെയ്തു.
എന്നാല്‍ ബി.ജെ.പി നേതാവിനെ സഹായിക്കുന്നതിനായി പ്രിസൈഡിങ് ഓഫീസര്‍ വോട്ടുകള്‍ അസാധുവാക്കിയെന്ന് കോണ്‍ഗ്രസും ആം ആദ്മിയും ആരോപണം ഉയര്‍ത്തിയുരുന്നു.
Content Highlight: Supreme Court criticizes the presiding officer of Chandigarh