ന്യൂദല്‍ഹി: പി.എസ്.സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം തള്ളാനുള്ള അധികാരം പി.എസ്.സിക്കില്ലെന്നും നീക്കം അധികാരപരിധിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞ്.
ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
തൊഴില്‍ ദാതാവ് എന്ന നിലയില്‍ എത്ര ജീവനക്കാരെ വേണമെന്നത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കാനും നടപടിയെടുക്കാനും പി.എസ്.സിക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ മാത്രമാണ് പി.എസ്.സിക്ക് സ്വയംഭരണ അധികാരമുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 2014ല്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് നടപടി നീണ്ടുപോയെന്നും കോടതി പറഞ്ഞു.
2020ല്‍ റാങ്ക് ലിസ്റ്റ് പുറത്തുവിടുമ്പോള്‍ കൂടുതല്‍ ഒഴിവുകള്‍ അക്കാലയളവില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് റാങ്ക് പട്ടിക വിപുലീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഈ ആവശ്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
തസ്തികകളിലേക്കുള്ള ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് കോടതി വ്യക്തമാക്കി. പട്ടികയിലെ പൊരുത്തക്കേട് മനസിലാക്കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടുവെന്ന് പറഞ്ഞ കോടതി റാങ്ക് ലിസ്റ്റ് വിപുലീകരിക്കാനും ഉത്തരവിട്ടു.
Content Highlight: Supreme Court criticizes PSC for rejecting government’s proposal