ന്യൂദല്‍ഹി: പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയില്‍ പതഞ്ജലിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. വളരെ ചെറിയ രൂപത്തില്‍ മാപ്പപേക്ഷ നല്‍കിയ കമ്പനിയുടെ നീക്കത്തെയാണ് കോടതി വിമര്‍ശിച്ചത്.
പതഞ്ജലി ആയുര്‍വേദിന്റെ മാനേജിങ് ഡയറക്ടര്‍ ബാലകൃഷ്ണന്‍, സഹസ്ഥാപകന്‍ രാംദേവ്, എന്നിവരോടാണ് ‘ പത്രങ്ങളില്‍ തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പരസ്യങ്ങളുടെ അതേ വലുപ്പമുണ്ടോ നിങ്ങളുടെ മാപ്പപേക്ഷയ്ക്ക്’ എന്ന് കോടതി ചോദിച്ചത്. ജസ്റ്റിസ് ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.
കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ നല്‍കിയ ഉറപ്പ് ലംഘിച്ചാണ് കമ്പനി തെറ്റായ മെഡിക്കല്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് രാംദേവ്, ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും, പതഞ്ജലി തെറ്റായ പരസ്യങ്ങള്‍ നല്‍കുകയും കമ്പനിയുടെ സ്ഥാപകര്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതില്‍ മാപ്പ് പറഞ്ഞുകൊണ്ട് ഏപ്രില്‍ 22ന് പതഞ്ജലി പത്രങ്ങളില്‍ മാപ്പപേക്ഷാ പരസ്യം നല്‍കിയിരുന്നുവെന്ന് വാദത്തിനിടയില്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്നാണ് മാപ്പപേക്ഷ നല്‍കിയ രീതിയെ സുപ്രീം കോടതി വിമര്‍ശിച്ചത്.
‘നിങ്ങളുടെ പരസ്യങ്ങളുടെ അതേ വലുപ്പമാണോ മാപ്പപേക്ഷയ്ക്കും’ എന്നായിരുന്നു ജസ്റ്റിസ് കോഹ്‌ലിയുടെ ചോദ്യം.
അതേസമയം ഈ പരസ്യത്തിന് പതിനായിരക്കണക്കിന് രൂപയുടെ ചെലവുണ്ടായിരുന്നുവെന്നും 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നുമായിരുന്നു റോത്തഗിയുടെ മറുപടി.
രാംദേവ്,ബാലകൃഷ്ണന്‍ എന്നിവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളില്‍ ക്ഷമാപണം നടത്തി കൂടുതല്‍ പരസ്യങ്ങള്‍ നല്‍കുമെന്നും റോത്തഗി ബെഞ്ചിനെ അറിയിച്ചു. കേസിനെ തുടര്‍ന്നുള്ള വാദം ബെഞ്ച് ഏപ്രില്‍ 30ലേക്ക് മാറ്റി വെച്ചു.