'ഇങ്ങനെ പോയാല്‍ പുതിയ കോടതി നിര്‍മിക്കേണ്ടിവരുമല്ലോ'; സ്ഥിരമായി പൊതു താത്പര്യ ഹരജികള്‍ സമര്‍പ്പിച്ച ബി.ജെ.പി നേതാവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി
ന്യൂദല്‍ഹി: സ്ഥിരമായി കോടതിയില്‍ പൊതു താത്പര്യ ഹരജികള്‍ സമര്‍പ്പിക്കുന്നതിന് ബി.ജെ.പി നേതാവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായെ ആണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ രൂക്ഷമായി വിമര്‍ശിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരേ യൂണിഫോം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു അശ്വനി ഉപാധ്യായിയുടെ പുതിയ ഹരജി.
മൂന്ന് മാസത്തിനകം ഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തുല്യത ഉറപ്പാക്കാനാണ് ഹരജി സമര്‍പ്പിച്ചതെന്നും ഉപാധ്യായ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ഉപാധ്യായ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതി സ്ഥിരമായി പൊതു താത്പര്യ ഹരജികള്‍ സമര്‍പ്പിക്കുന്നതിന് അശ്വനി ഉപാധ്യായെ വിമര്‍ശിച്ചത്.
എല്ലാ ദിവസവും പൊതു താതപര്യ ഹരജി സമര്‍പ്പിക്കാനാണെങ്കില്‍ അത് പരിഗണിക്കാന്‍ വേണ്ടി പ്രത്യേക കോടതി നിര്‍മിക്കേണ്ടി വരുമെന്നായിരുന്നു കോടതിയുടെ പ്രതികരണം.
‘നിങ്ങള്‍ എല്ലാ ദിവസവും പൊതു താത്പര്യ ഹരജി സമര്‍പ്പിക്കാറുണ്ടോ? പലയാവര്‍ത്തി ഇത് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയിട്ടുണ്ട്. ഇങ്ങനെ ഹരജി സമര്‍പ്പിക്കാനാണെങ്കില്‍ ഞങ്ങള്‍ പുതിയ കോടതി നിര്‍മിക്കേണ്ടി വരുമല്ലോ,’ കോടതി പറഞ്ഞു.
അതേസമയം ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ആചാരങ്ങളില്‍ പ്രധാനമല്ലെന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയുടെ വിധി.
കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ അടിയന്തരമായി ഇടപെടാനില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിജാബ് വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ച കോടതി ഉചിതമായ സമയത്ത് വിഷയം ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു.