ന്യൂദല്‍ഹി: പോക്‌സോ കേസുകളില്‍ ഇരയാക്കപ്പെട്ടവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. പശ്ചിമ ബംഗാളില്‍ പോക്സോ കേസില്‍ മൊഴി രേഖപ്പെടുത്തുന്നതിനിടെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആശങ്ക അറിയിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. സംഭവത്തില്‍ ബംഗാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബോധവത്കരിക്കണമെന്നും കോടതി പറഞ്ഞു.
കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമത്തിന്റെ (പോക്‌സോ) സെക്ഷന്‍ 33 (7) പ്രകാരം അന്വേഷണത്തിലും വിചാരണയിലും കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ലെന്ന് പ്രത്യേക കോടതി ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഐ.പി.സി സെക്ഷന്‍ 228എ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് രണ്ട് വര്‍ഷം വരെ തടവ് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
കുട്ടിയുടെ ഐഡന്റിറ്റി പൊതുജനങ്ങളില്‍ നിന്നും മാധ്യമങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹരജി പരിഗണിച്ചത്.
കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസിന് മുമ്പില്‍ സമര്‍പ്പിക്കുന്നതിനായി കൊല്‍ക്കത്ത ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.
കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹരജിക്കാരന്‍ മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നാണ് കോടതി വ്യക്തമാക്കുകയും ചെയ്തു.
Content Highlight: Supreme Court criticizes Bengal Police