| Friday, 6th September 2019, 12:57 pm

'കേരളം ഇന്ത്യയുടെ ഭാഗമാണ്': പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിക്കും സര്‍ക്കാരിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കണ്ടനാട് പള്ളിത്തര്‍ക്കകേസില്‍ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിയ്ക്കുമെതിരേയും വിമര്‍ശനമുണ്ടായി.

കേരള ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നും സുപ്രീംകോടതി വിധി മറികടക്കാന്‍ എന്തധികാരമാണ് ഹൈക്കോടതി ജഡ്ജിയ്ക്കുള്ളതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. കേരളം ഇന്ത്യയുടെ ഭാഗമാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2017ലെ വിധി നിലനില്‍ക്കേ തന്നെ ഈ വര്‍ഷം മാര്‍ച്ചില്‍ കണ്ടനാട് പള്ളിയില്‍ യാക്കോബായ സഭയ്ക്കും ആരാധനയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുണ്‍മിശ്ര പരാമര്‍ശം നടത്തിയത്.

ഏതു തരത്തിലുള്ള ജുഡീഷ്യല്‍ ഉത്തരവാദിത്തമാണ് ജസ്റ്റിസ് ഹരിപ്രസാദ് നിര്‍വഹിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ കോടതിയ്ക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി.

കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകരോട് കേരള ഹൈക്കോടതിയിലെ ജഡ്ജിമാരോട് സുപ്രീംകോടിതിയുടെ വിധികള്‍ മറികടക്കരുത് എന്ന് പറയണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധി നിരന്തരം കേരളത്തില്‍ ലംഘിക്കപ്പെടുന്നു. ഇനിയും ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതി ജഡ്ജിക്കുമെതിരെ നടപടിയെടുക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ നിരന്തരം ഹൈക്കോടതി വിധികള്‍ ലംഘിക്കപ്പെടുകയാണെന്നും മറ്റു പലകേസുകളിലും തന്റെ അനുഭവം അതാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ നിരന്തരം സുപ്രീംകോടതി വിധികള്‍ ലംഘിക്കപ്പെട്ടാല്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more