national news
സുപ്രീം കോടതിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാനാവില്ല; ഗുജറാത്ത് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: ഗുജറാത്ത് ഹൈക്കോടതിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതി വിധിക്കെതിരെ ഒരു കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിച്ചതില്‍ ഗുജറാത്ത് ഹൈക്കോടതിയെ ശനിയാഴ്ച സുപ്രീം കോടതി വിമര്‍ശിക്കുകയും പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി കേസില്‍ ശനിയാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്.
പെണ്‍കുട്ടിക്ക് ഹൈക്കോടതി ഇളവ് നല്‍കിയിരുന്നില്ല. എന്നാല്‍ സുപ്രീം കോടതി അതിജീവിതക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി. ‘എന്താണ് ഗുജറാത്ത് ഹൈക്കോടതിയില്‍ സംഭവിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെതിരായി ഉത്തരവ് പുറപ്പെടുവിക്കാന്‍ രാജ്യത്തെ കോടതികള്‍ക്കാവില്ല. അത് ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാണ്,’ സുപ്രീം കോടതി പറഞ്ഞു.
ക്ലറിക്കല്‍ എറര്‍ പരിഹരിക്കുന്നതിനായി പുറപ്പെടുവിച്ച ഉത്തരവാണ് ശനിയാഴ്ചയിലേതെന്ന് ഗുജറാത്ത് ഹൈക്കോടതിക്ക് വേണ്ടി ഹാരജായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മുന്‍പ് പുറപ്പെടുവിച്ച ഉത്തരവില്‍ ചില ക്ലറിക്കല്‍ എററുകള്‍ ഉണ്ടായിരുന്നു. ഇത് ശനിയാഴ്ച പരിഹരിച്ചു. ഉത്തരവ് പിന്‍വലിക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെടുമെന്നും തുഷാര്‍ മേത്ത പറഞ്ഞു.
അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിച്ചതില്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ശനിയാഴ്ച സുപ്രീം കോടതി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണിപ്പോള്‍ സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ ഉത്തരവ് പുറപ്പെടുവിച്ചതിനെയും സുപ്രീം കോടതി വിമര്‍ശിച്ചിരിക്കുന്നത്. അതിജീവിതയുടെ ഹരജിയില്‍ ശനിയാഴ്ച ഗുജറാത്ത് ഹൈക്കോടതിക്ക് നോട്ടീസും സുപ്രീം കോടതി അയച്ചിരുന്നു.
ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതിയില്‍ അതിജീവിത ഹരജി സമര്‍പ്പിച്ചത്. ഗര്‍ഭാവസ്ഥയറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദേശം പാസാക്കിയ ഓഗസ്റ്റ് എട്ടിന് കോടതി കേസ് പരിഗണനയിലെടുത്തു. ഓഗസ്റ്റ് 10ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഗസ്റ്റ് 11ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കുകയും കേസ് ഓഗസ്റ്റ് 23ലേക്ക് മാറ്റി വെക്കുകയുമാണ് ചെയ്തത്.
12 ദിവസത്തേക്ക് കൂടി കേസ് മാറ്റി വെച്ച ഹൈക്കോടതിയുടെ ഉത്തരവില്‍ എത്ര നിര്‍ണായക ദിവസമാണ് കടന്ന് പോകുന്നതെന്ന് സുപ്രീം കോടതി ശനിയാഴ്ച നിരീക്ഷിച്ചിരുന്നു.
’12 ദിവസത്തേക്ക് കേസ് മാറ്റി വെച്ച ഹൈക്കോടതി തീരുമാനം വിചിത്രമാണ്. ഓരോ ദിവസവും നഷ്ടപ്പെടുന്നത് നിര്‍ണായകമാണ്. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ വളരെ പ്രാധാന്യമുള്ള കേസാണിതെന്ന വസ്തുത കാണാതെ പോകരുത്. ഈ കേസില്‍ ഹരജിക്കാരി കോടതിയെ സമീപിക്കുമ്പോള്‍ തന്നെ യുവതി 26 ആഴ്ച ഗര്‍ഭിണിയാണ്. അതിനാല്‍ കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഓഗസ്റ്റ് 11നും പരിഗണിക്കുന്ന ഓഗസ്റ്റ് 23നും ഇടയില്‍ ഇനിയും ദിവസങ്ങള്‍ നഷ്ടപ്പെടുമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു,’ എന്നായിരുന്നു സുപ്രീം കോടതി ശനിയാഴ്ച വ്യക്തമാക്കിയത്.
പെണ്‍കുട്ടിയോട് വീണ്ടും വൈദ്യപരിശോധനക്ക് വിധേയമാകാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പരിശോധനകള്‍ക്ക് ശേഷം ഇന്ന് അതിജീവിതക്ക് ഗര്‍ഭ ഛിദ്രത്തിനുള്ള അനുമതി സുപ്രീം കോടതി നല്‍കുകയും ചെയ്തു.
Content Highlights: Supreme court criticise Gujarath highcourt