| Monday, 15th April 2019, 12:01 pm

മതത്തിന്റേയും ജാതിയുടേയും പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടോ എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ നാളെ കോടതിയില്‍ ഹാജരായി മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ സ്വീകരിക്കാന്‍ കഴിയുന്ന നടപടി വിശദീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

മാതൃക പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ ഉപദേശക സ്വഭാവത്തില്‍ ഉള്ള നോട്ടീസ് അയക്കാന്‍ മാത്രം ആണ് അധികാരം. തുടര്‍ച്ച ആയി പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് എതിരെ മാത്രം ആണ് പരാതി ഫയല്‍ ചെയ്യാന്‍ കഴിയുക എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയെ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനോട് നാളെ നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

മതം, ജാതി എന്നിവയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് എതിരെ നടപടി വൈകരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിഭാഷകന്‍ മാതൃക പെരുമാറ്റ ചട്ടത്തിന്റെ അപര്യാപ്ത ചൂണ്ടിക്കാട്ടിയത്.

യോഗി ആദിത്യനാഥിനും മായാവതിയ്ക്കുമെതിരെ എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചു. പി.എം മോദി എന്ന സിനിമ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണണമെന്നും ചട്ടലംഘനമുണ്ടായോയെന്ന് അതിന് ശേഷം പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more