| Monday, 30th October 2017, 1:04 pm

ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണുള്ളത്? വിവാഹം വ്യക്തിപരമായ തെരഞ്ഞെടുപ്പെന്നും ഹാദിയ കേസില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാഹം ഒരാളുടെ വ്യക്തിപരമായ തെരഞ്ഞെടുപ്പെന്ന് സുപ്രീം കോടതി. ഹാദിയ കേസില്‍ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

“ക്രിമിനലിനെ പ്രണയിക്കരുതെന്ന് നിയമമുണ്ടോ? ക്രിമിനലിനെ വിവാഹം ചെയ്യരുതെന്ന് ഏത് നിയമത്തിലാണുള്ളത്?” കോടതി ചോദിച്ചു.

ഒരു പെണ്‍കുട്ടി ഒരാളെ വിവാഹം കഴിച്ചുവെന്നതും അത് ഹൈക്കോടതി റദ്ദാക്കിയെന്നതുമാണ് ഇവിടെ വിഷയം. അതുകൊണ്ടുതന്നെ വിവാഹിതയായ പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത് കോടതിയ്ക്ക് കേള്‍ക്കേണ്ടതുണ്ട്. അതിനാല്‍ ഹാദിയയെ നവംബര്‍ 27ന് മൂന്നുമണിക്ക് തുറന്ന കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മതപരിവര്‍ത്തനത്തിനുശേഷം സ്വന്തം ഇഷ്ടപ്രകാരമാണോ ഷെഫിന്‍ ജഹാനെ ഹാദിയ വിവാഹം ചെയ്തതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ഹാദിയയെ കോടതിയിലെത്തിക്കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് വിധി.

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവ് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തീവ്രവാദക്കേസില്‍ എന്‍.ഐ.എ അറസ്റ്റു ചെയ്ത മന്‍സി ബുറാഖിന്റെ അടുത്ത സുഹൃത്താണ് ഷെഫിന്‍. മന്‍സി ബുറാഖിനെതിരെ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more