സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്:ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ നിര്‍ദേശം
Daily News
സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്:ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd July 2016, 3:26 pm

ന്യൂദല്‍ഹി:കേരളത്തിലെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടല്‍.  ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി.

കെ.യു.ഡബ്ല്യൂ.ജെ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സഭവങ്ങള്‍ ആശാവഹമല്ലെന്നും കേരളത്തില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഉറപ്പാക്കുമന്നും ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ വ്യക്മതാക്കി.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ ഇന്നും കോടതി നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

ഹൈകോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ക്കുപിന്നാലെ തലസ്ഥാനത്തെ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

വ്യാഴാഴ്ച വഞ്ചിയൂര്‍ കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റംചെയ്ത അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ പത്തോളം മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു ഗുമസ്തനും പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ക്കും ചാനല്‍ കാമറകള്‍ക്കും കേടുപറ്റിയിരുന്നു.

കോടതിയുടെ പ്രധാനകവാടം പൂട്ടിയ അഭിഭാഷകര്‍ നടത്തിയ കല്ലേറ് മണിക്കൂറുകള്‍ നീണ്ടതോടെ കോടതിപരിസരം യുദ്ധക്കളമായി. അപ്പോഴെല്ലാം പൊലീസ് നിഷ്‌ക്രിയരായി നോക്കിനില്‍ക്കുകയായിരുന്നു.

ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മധ്യസ്ഥതക്കെത്തിയിട്ടും അഭിഭാഷകര്‍ അനുരഞ്ജനത്തിന് തയാറാകാതെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

ഹൈക്കോടതിക്കുള്ളിലും പുറത്തും മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ്, സിറ്റി പൊലീസ് കമീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് എല്ലാസൗകര്യവും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.