ന്യൂദല്‍ഹി: ഹാദിയയുടെ സംരക്ഷണാവാകാശം അച്ഛന് മാത്രമല്ലെന്ന് സുപ്രീം കോടതി. 24 വയസുള്ള പെണ്‍കുട്ടിക്ക് തെരഞ്ഞെടുപ്പിനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ആവശ്യമെങ്കില്‍ ഹാദിയയ്ക്ക് കസ്‌റ്റോഡിയനെ നിയമിക്കും. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്ന കാര്യം പരിശോധിക്കും. കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമാണോയെന്ന കാര്യത്തിലും പരിശോധന നടത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹര്‍ജി പരിഗണക്കിവേയാണ് കോടതിയുടെ പരാമര്‍ശം.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നുമാണ് ഷെഫിന്‍ ജെഹാന്‍ ഹര്‍ജിയില്‍ പറഞ്ഞത്.
രണ്ട് മതത്തില്‍പ്പെട്ടുള്ള രണ്ട് പേര്‍വിവാഹം കഴിച്ച ഒരു വിഷയത്തില്‍ എങ്ങനെയാണ് എന്‍.ഐ.എ അന്വേഷണത്തിന് സാധ്യതയെന്നായിരുന്നു അഭിഭാഷകന്റെ ചോദ്യം. അങ്ങനെയാണെങ്കില്‍ ഇരുമതത്തില്‍പ്പെട്ട വിവാഹത്തിലെല്ലാം എന്‍.ഐ.ഐ അന്വേഷണം വേണ്ടിവരുമല്ലോയെന്നും അദ്ദേഹം ചോദിച്ചു.
തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായബെഞ്ചിന്റെ നിരീക്ഷണം വന്നത്. അത്തരമൊരു അവകാശവാദം അച്ഛന് ഉന്നയിക്കാന്‍ കഴിയില്ലെന്നും ഹാദിയ 24 വയസുള്ള കുട്ടിയാണെന്നും അവള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
അത് ഹാദിയയുടെ മൗലികാവകാശമാണ്. അത് നിഷേധിക്കാനാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
226 ാം അനുച്ഛേദപ്രകാരമുള്ള ഹരജി പരിഗണിക്കുമ്പോഴാണ് ഹാദിയയുടെ വിവാഹം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇത്തരത്തില്‍ നിയമപരമായ വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടോയെന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും ബെഞ്ച് വ്യക്തമാക്കി.
ഹാദിയയും കൊല്ലം ഷെഫിന്‍ ജഹാനുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് ഇക്കഴിഞ്ഞ ആഗസ്തിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടാകും എന്‍ഐഎ ഇന്ന് സുപ്രീം കോടതിയില്‍ മുദ്രവച്ച് കവറില്‍ സമര്‍പ്പിക്കുക.
അന്വേഷണം കുറ്റമറ്റതായി നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും കോടതി നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമായി റിട്ടയേര്‍ഡ് ജസ്റ്റിസ് രവീന്ദ്രനെ സുപ്രീം കോടതി മേല്‍നോട്ടം വഹിക്കുന്നതിന് സുപ്രീം കോടതി നിയമിച്ചിരുന്നു.
എന്നാല്‍ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്നും ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്മാറി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നാളെ ഹര്‍ജി പരിഗണിക്കുന്നത്.