ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്തുന്നതില്‍ തീരുമാനമാവാതെ കൊളീജിയം പിരിഞ്ഞു. കെ.എം ജോസഫിന്റെ നിയമന ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ കൊളീജിയം ചര്‍ച്ച ചെയ്തു. എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച വിഷയത്തില്‍ തീരുമാനമാവാതെ പിരിയുകയായിരുന്നു.
ജസ്റ്റിസ് കെ.എം ജോസഫിന്റെ നിയമന വിഷയത്തില്‍ തീരുമാനം നീട്ടിവച്ചതായാണ് സുപ്രീം കോടതി ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. രാജസ്ഥാന്‍, കൊല്‍ക്കത്ത, ആന്ധ്രാപ്രദേശ്, തെലുങ്കാന ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനെക്കുറിച്ചും കൊളീജിയം ചര്‍ച്ച ചെയ്തു.
ജനുവരി 10നാണ് കെ.എം ജോസഫിനെയും ഇന്ദുമല്‍ഹോത്രയെയും സുപ്രീം കോടതി ജഡ്ജ്മാരായി ഉയര്‍ത്താന്‍ കൊളീജിയം കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ നടത്തിയത്. ന്നാല്‍ ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീം കോടതിയിലേക്കുയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍, കെ.എം ജോസഫിന്റെ പേര് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു.
2016ല്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാര്‍ തീരുമാനം കെ.എം ജോസഫ് തള്ളിയിരുന്നു. ഇതിനു പ്രതികാര നടപടിയായാണ് കെ.എം ജോസഫിന്റെ നിയമനത്തെ തള്ളിയത് എന്നാണ് വിലയിരുത്തല്‍.