ന്യൂദല്‍ഹി: ജുഡീഷ്യറിയില്‍ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. സംവരണത്തെ പിന്തുണച്ച അദ്ദേഹം കോടതികള്‍ക്ക് പുറമേ ലോ കോളേജുകളിലും ഈ സംവരണം നടപ്പാക്കണമെന്ന ആവശ്യത്തേയും പിന്താങ്ങി.
എന്‍.വി. രമണയേയും സുപ്രീം കോടതിയില്‍ പുതുതായി ചുമതലയേറ്റ മറ്റ് ഒന്‍പത് ജഡ്ജിമാരേയും ആദരിച്ചുകൊണ്ട് വനിതാ അഭിഭാഷകര്‍ ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഇത് നിങ്ങളുടെ അവകാശമാണ്. ജുഡീഷ്യറിയിലും ലോ കോളേജുകളിലും സംവരണം ആവശ്യപ്പെടാനുള്ള അധികാരം നിങ്ങള്‍ക്കുണ്ട്,” ചീഫ് ജസ്റ്റിസ് പറഞ്ഞു.
50 ശതമാനം വനിതാ സംവരണം കോടതികളില്‍ ആവശ്യമാണെന്നും ഇത് ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
”കീഴ്‌ക്കോടതികളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകളുള്ളത്. ഹൈക്കോടതികളില്‍ ഇത് 11.5 ശതമാനമാണ്. സുപ്രീം കോടതിയില്‍ 11 മുതല്‍ 12 ശതമാനം വരെ മാത്രമാണിത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് 17 ലക്ഷം അഭിഭാഷകരുള്ളതില്‍ 15 ശതമാനം മാത്രമാണ് വനിതകളെന്നും അദ്ദേഹം ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. കാള്‍ മാര്‍ക്‌സിന്റെ ചില വരികള്‍ ഉദ്ധരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
”സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍, നിങ്ങളെ ബന്ധിച്ച ചങ്ങലകളല്ലാതെ നിങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല, എന്ന് കാള്‍ മാര്‍ക്‌സ് പറഞ്ഞതിനെ ഞാന്‍ ഒന്ന് മാറ്റി പറയുകയാണ്. സര്‍വരാജ്യ സ്ത്രീകളെ സംഘടിക്കൂ, ബന്ധിച്ചിരിക്കുന്ന ചങ്ങലകളല്ലാതെ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല,” എന്‍.വി. രമണ പറഞ്ഞു.
സ്ത്രീ സൗഹൃദമല്ലാത്ത ജോലി സാഹചര്യങ്ങളെക്കുറിച്ചും സ്ത്രീകള്‍ക്ക് വേണ്ട വാഷ്‌റൂം അമ്മമാരായ അഭിഭാഷകര്‍ക്ക് വേണ്ട സൗകര്യങ്ങളും മറ്റും പല കോടതികളിലും ഇല്ലാത്തതിന്റെ പ്രശ്‌നവും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെണ്‍മക്കളുടെ ദിനം ആചരിക്കുന്നതിന്റെ ആശംസകളും ചീഫ് ജസ്റ്റിസ് ചടങ്ങില്‍ പങ്കുവെച്ചു. ഇത് അമേരിക്കന്‍ ആഘോഷമാണെങ്കിലും ലോകത്തിലെ ചില നല്ല കാര്യങ്ങള്‍ നമ്മളും ആഘോഷിക്കാറുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.