ന്യൂദല്‍ഹി: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. നീതിന്യായ സംവിധാനത്തിന് സമാന്തരമായി മാധ്യമങ്ങള്‍ നടത്തുന്ന ‘വിചാരണ’യെയും കൃത്യമായ അജണ്ടയോടെ നടത്തുന്ന ടെലിവിഷന്‍ ചര്‍ച്ചകളെയുമാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്.
മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ കൊണ്ടുനടക്കുകയാണെന്നും ഇത് ജനാധിപത്യത്തെ പിന്നോട്ട് വലിക്കുകയാണെന്നും എന്‍.വി. രമണ പറഞ്ഞു.
സമകാലിക ജുഡീഷ്യറി നേരിടുന്ന പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും കുറിച്ച് സംസാരിക്കുകയായിരുന്നു എന്‍.വി. രമണ.
ഇന്ന് രാജ്യത്തെ ഒരുപാട് മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുകയാണെന്നും അനുഭവസമ്പത്തുള്ള ജഡ്ജിമാര്‍ക്ക് വരെ വിധി തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ വിചാരണ നടത്തി തീരുമാനമെടുക്കുകയാണെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
”ഈയിടെയായി, മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുന്നത് നാം കാണുന്നു, ചില സമയങ്ങളില്‍ അനുഭവപരിചയമുള്ള ജഡ്ജിമാര്‍ക്ക് പോലും ചില വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ പ്രയാസമാണ്.
തെറ്റായ വിവരങ്ങളുമായി നടക്കുന്നവരും വ്യക്തമായ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവരും നീതി നിര്‍വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് തന്നെ ഹാനികരമാണ്” എന്‍.വി. രമണ പറഞ്ഞു.
ശനിയാഴ്ച റാഞ്ചിയിലെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജഡ്ജിമാര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും എന്‍.വി. രമണ ചൂണ്ടിക്കാട്ടി.
ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കാനുള്ള പ്രധാന കാരണമെന്നും ചിഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
”ഇപ്പോഴും അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു പരിധിവരെ ഉത്തരവാദിത്തമുണ്ട്. അതേസമയം, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ല. കാരണം അവര്‍ കാണിച്ചുതരുന്ന കാര്യങ്ങള്‍ തൊട്ടടുത്ത നിമിഷം തന്നെ അപ്രത്യക്ഷമാകുന്നു. അതിലും മോശമാണ് സോഷ്യല്‍ മീഡിയയുടെ കാര്യം,” സുപ്രീകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു.
Content Highlight: Supreme Court chief justice NV Ramana says media is running kangaroo courts and taking democracy backwards