റായ്പൂര്‍: ഭരണഘടന എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. റായ്പൂരിലെ ഹിദായത്തുള്ള നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ബിരുദദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൗരനും തന്റെ അവകാശങ്ങളേയും കടമകളേയും കുറിച്ച് ബോധമുണ്ടെങ്കിലെ ഭരണഘടനാ റിപബ്ലിക് എന്നത് സാധ്യമാവുകയുള്ളു എന്നദ്ദേഹം പറഞ്ഞു. ഭരണഘടനയെകുറിച്ച് വളരെ കുറച്ച് വിഭാഗം ജനങ്ങള്‍ക്ക് മാത്രമെ ബോധ്യമുള്ളു എന്നും അത് മോശമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആധുനിക ഇന്ത്യയെകുറിച്ചുള്ള പല കാര്യങ്ങളും അവകാശങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയിലെ നിയമവിദ്യാര്‍ഥികള്‍ക്കും, അഭിഭാഷകര്‍ക്കും, വളരെ ചെറിയൊരു ജനവിഭാഗത്തിനും മാത്രമേയുള്ളു,’ എന്ന് അദ്ദേഹം പറഞ്ഞു. ഇത് മാറ്റിക്കൊണ്ടുവരുന്നതില്‍ യുവാക്കള്‍ക്കുള്ള പങ്കും അദ്ദേഹം വിശദീകരിച്ചു.
എല്ലാ പൗരന്മാരും തങ്ങളുടെ കടമകളെകുറിച്ചും അവകാശങ്ങളെകുറിച്ചും ബോധവാന്മാരായിരിക്കണമെന്നും ഭരണഘടനാസംസ്‌കാരം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഒരുപകരണമായാണ് നിയമങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിനെതിരെ പ്രവര്‍ത്തിക്കാനും, ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനുമാണ്, അഭിഭാഷകരോടും നിയമവിദ്യാര്‍ത്ഥികളോടും അദ്ദേഹം ആവശ്യപ്പെട്ടത്.
ചരിത്രം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി സാമൂഹിക ശാസ്ത്ര വികസനങ്ങളിലെല്ലാം കൃത്യമായ അറിവുള്ളവരായിരിക്കണം നല്ല അഭിഭാഷകര്‍. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുള്ള ആളുകളാണ് അഭിഭാഷകരെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് കൃത്യമായ പരിഹാരങ്ങള്‍ കണ്ടെത്താനും, വിമര്‍ശനാത്മക ചിന്ത, വിശകലന വൈദഗ്ദ്യം എന്നിവ ഉണ്ടാക്കിയെടുക്കാനും നിയമ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യുവ അഭിഭാഷകര്‍ എന്ന നിലയില്‍ നിങ്ങളാണ് സമൂഹത്തിലെ അസമത്വങ്ങളെ എതിര്‍ക്കാന്‍ നല്ലത്, ‘ അദ്ദേഹം പറഞ്ഞു.
നിയമസഹായ പ്രസ്ഥാനത്തെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള കഴിവുകള്‍ യുവ അഭിഭാഷകര്‍ക്കുണ്ടെന്നും സമൂഹത്തിലേക്കിറങ്ങിച്ചെന്ന് പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കാണാനും, അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങളെ സമീപിക്കാന്‍ കഴിയാത്ത സമൂഹത്തിലെ ആളുകളുടെ ഇടയിലേക്ക് നിങ്ങള്‍ക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കണം. അവര്‍ക്ക് നിയമങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സഹായിക്കണം’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലാകാലങ്ങളായുള്ള ചിന്തകളില്‍നിന്ന് മാറി ചിന്തിക്കാനാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുന്നത്. ഒരു വ്യക്തിക്ക് നേടാവുന്ന ഏറ്റവും വലിയ സമ്പാദ്യമാണ് അറിവും വിവരവും, അത് നേടാന്‍ നിങ്ങളെക്കൊണ്ടാവും വിധം ജനങ്ങളെ സഹായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Supreme Court chief justice NV Ramana says Constitution is equal to all