| Sunday, 20th November 2022, 11:22 am

ജൂനിയര്‍ അഭിഭാഷകര്‍ അടിമകളല്ല, അവര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കണം; ഓള്‍ഡ് ബോയ്‌സ് ക്ലബാകരുത് ലീഗല്‍ പ്രൊഫഷന്‍: ചീഫ് ജസ്റ്റിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഭിഭാഷക മേഖലയില്‍ നിലനില്‍ക്കുന്ന അനീതികളെയും ജൂനിയര്‍ അഭിഭാഷകര്‍ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യേണ്ടിവരുന്ന രീതിയെയും വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്.

ബാര്‍ കൗണ്‍സിലിലെ മുതിര്‍ന്ന അംഗങ്ങള്‍ അവരുടെ ജൂനിയേഴ്‌സിന് ന്യായമായ പ്രതിഫലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (Bar Council of India) സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഇവിടത്തെ എത്ര സീനിയര്‍ അഭിഭാഷകര്‍ അവരുടെ ജൂനിയേഴ്‌സിന് മാന്യമായ ശമ്പളം നല്‍കുന്നുണ്ട്? പല ജൂനിയര്‍ അഭിഭാഷകര്‍ക്കും സ്വന്തമായി ചേംബര്‍ പോലുമില്ല.

നിങ്ങള്‍ ദല്‍ഹിയിലോ മുംബൈയിലോ ബെംഗളൂരുവിലോ കൊല്‍ക്കത്തയിലോ ആണ് താമസിക്കുന്നതെങ്കില്‍ അവിടെ യുവ അഭിഭാഷകര്‍ക്ക് ജീവിച്ച് പോകണമെങ്കില്‍ എന്ത് ചിലവ് വരും? അവര്‍ക്ക് താമസിക്കുന്ന സ്ഥലത്തിന്റെ വാടക നല്‍കേണ്ടി വരും, യാത്രാ ചിലവുണ്ടാകും, ഭക്ഷണത്തിന്റെ ചിലവുണ്ടാകും.

ഇതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. ഈ പ്രൊഫഷനിലെ സീനിയര്‍ അംഗങ്ങളെന്ന നിലയില്‍ അത് ചെയ്യേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം നമുക്കാണ്,” ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.

”കഴിഞ്ഞ കുറേ കാലങ്ങളായി നമ്മുടെ പ്രൊഫഷനിലെ യുവ തലമുറയെ അടിമ തൊഴിലാളികളായാണ് നമ്മള്‍ കണ്ടുവന്നിരുന്നത്. കാരണം നമ്മള്‍ വളര്‍ന്നുവന്ന രീതി അങ്ങനെയാണ്.

പക്ഷെ അങ്ങനെയാണ് നമ്മള്‍ വളര്‍ന്നുവന്നതെന്ന് ഇപ്പോള്‍ യുവ അഭിഭാഷകരോട് പറയാന്‍ കഴിയില്ല. ദല്‍ഹി സര്‍വകലാശാലയിലെ പഴയ റാഗിങ് പ്രിന്‍സിപ്പിള്‍ ഇതായിരുന്നു. റാഗ് ചെയ്യപ്പെട്ടവര്‍ തങ്ങള്‍ക്ക് താഴെയുള്ളവരെയും റാഗ് ചെയ്യും.

ജൂനിയേഴ്‌സിന് നല്ല ശമ്പളം നല്‍കാതിരിക്കാന്‍ വേണ്ടി, ഞാന്‍ കഷ്ടപ്പെട്ട് നിയമം പഠിച്ചത് ഇങ്ങനെയാണ് എന്ന ന്യായീകരണം ഇന്നത്തെ സീനിയര്‍ അഭിഭാഷകര്‍ക്ക് പറയാന്‍ കഴിയില്ല. ആ കാലവും ഇന്നത്തെ കാലവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്,” ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

ഒരു വിഭാഗത്തിന് മാത്രം അവസരം നല്‍കുന്ന ഓള്‍ഡ് ബോയ്‌സ് ക്ലബാണ് ലീഗല്‍ പ്രൊഫഷനെന്നും (legal profession is an old boys club) എന്നാല്‍ ഈ രീതി മാറണമെന്നും ഡി.വൈ. ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു.

”ഒരു നെറ്റ്‌വര്‍ക്കുണ്ട്, അതിലൂടെയാണ് സീനിയര്‍ അഭിഭാഷകരുടെ ചേംബറില്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഇതൊരു ഓള്‍ഡ് ബോയ്‌സ് ക്ലബ്ബാണ്. അത് മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതല്ല.  ഇതെല്ലാം മാറണം,” അദ്ദേഹം വ്യക്തമാക്കി.

Content Highlight: Supreme Court chief justice DY Chandrachud says Legal Profession Should Not Be An Old Boys Club and Junior Lawyers are Not Slaves

We use cookies to give you the best possible experience. Learn more