നാഗ്പൂര്‍: നിയമ വിദ്യാര്‍ത്ഥികള്‍ വ്യക്തി ജീവിതത്തിലും, തൊഴില്‍ ജീവിതത്തിലും വഴികാട്ടിയായി ഉയര്‍ത്തിപ്പിടിക്കേണ്ടത് ഭരണഘടനയെയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്.
നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തസ്സിന്റെയും, സ്വാതന്ത്ര്യത്തിന്റെയും സ്വയംഭരണത്തിന്റെയും ഉത്പന്നമാണ് നമ്മുടെ ഭരണഘടനയെന്നും, നീതിയുക്തവും, ജനാധിപത്യപരവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതില്‍ ഭരണഘടന വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി നടപ്പിലാക്കാനായി ഭരണഘടനാ മൂല്യങ്ങള്‍ മുറുകെപിടിച്ച് കൊണ്ടാണ് ഓരോ നിയമ വിദ്യാര്‍ത്ഥികളും മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘നിയമ വിദ്യാര്‍ത്ഥികള്‍ ഭരണഘടനയെ അവരുടെ വ്യക്തി ജീവിതത്തിലും, തൊഴില്‍ ജീവിതത്തിലും വഴികാട്ടിയായി പരിഗണിക്കണം. നമ്മുടെ ഭരണഘടനാ ശില്‍പികള്‍ മുന്നോട്ട് വെച്ച ഉന്നത മൂല്യങ്ങള്‍ മുറുകെ പിടിച്ച് അത് നടപ്പിലാക്കാന്‍ ശ്രമിക്കണം.
ഏത് പ്രതിസന്ധിയിലും, പ്രതികൂല സാഹചര്യങ്ങളിലും തളരരുത്. മൗനം പാലിക്കുന്നതിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. തുറന്ന് പറച്ചിലുകളും ചര്‍ച്ചകളുമാണ് നമുക്കാവശ്യം,’ അദ്ദേഹം പറഞ്ഞു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ തുടച്ചു നീക്കേണ്ടത് അനിവാര്യമാണെന്നും, സുപ്രീം കോടതി ചീഫ് ജസ്റ്റിസെന്ന നിലയില്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തികളില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ നാം ഇനിയുമേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ തന്റെ വിധിയെ ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘നമുക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്, സ്വാതന്ത്ര്യ സമയത്ത് ഈ സമൂഹത്തില്‍ നില നിന്നിരുന്ന അസമത്വം പൂര്‍വ്വ രീതിയില്‍ തന്നെ ഇന്നും ഇവിടെ നില നില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഭരണഘടനാ മൂല്യങ്ങളെ മുറുകെ പിടിക്കുക എന്നതാണ്.
ഇതിന്റെ തുടര്‍ച്ചയാണ് സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധി. ഭരണഘടന കൊളോണിയല്‍ സാമ്രാജ്യം നമുക്ക് വച്ച് നീട്ടിയ ഔദാര്യമല്ല. അത് സ്വാതന്ത്ര്യത്തിന്റെയും, അന്തസിന്റെയും, ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്,’ ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡെ, സുപ്രീം കോടതി സിറ്റിങ് ജഡ്ജി ഭൂഷണ്‍ ഗവായ്, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് ജി.എ കപൂര്‍വാലാ, വിസി വിജേന്ദര്‍ കുമാര്‍ തുടങ്ങി നിരവധി നിയമ വിദഗ്ദരും ചടങ്ങില്‍ പങ്കെടുത്തു.
Content Highlight: supreme court chief justice addressing law students at nagpur