| Thursday, 18th March 2021, 4:51 pm

''പീഡിപ്പിച്ച സ്ത്രീയെ രാഖി കെട്ടി സഹോദരിയാക്കണം''; മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി :  ബലാത്സംഗകേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയെ രാഖി കെട്ടണമെന്ന് വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി  സുപ്രീം കോടതി റദ്ദ് ചെയ്തു.
ഒമ്പത് വനിതാ അഭിഭാഷകര്‍ നല്‍കിയ ഹരജി  പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. ഇത്തരം സ്റ്റീരിയോടൈപ്പ് കാഴ്ച്ചപ്പാടുകള്‍ ഒഴിവാക്കണമെന്ന് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

പരാതിക്കാരി അനുഭവിക്കുന്ന മാനസികാഘാതങ്ങളെ നിസ്സാരവത്കരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇരയുടെ മാനസികനിലയെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവെച്ച ബെഞ്ച് മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

2020 ഓഗസ്റ്റ് 20നാണ് പീഡനക്കേസ് പ്രതിയ്ക്ക് ജാമ്യം നല്‍കാന്‍ വിചിത്ര വ്യവസ്ഥയുമായി മധ്യപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയത്. രക്ഷാ ബന്ധന്‍ ദിനത്തില്‍ പരാതിക്കാരിയായ സ്ത്രീയുടെ കൈയില്‍ രാഖി കെട്ടണമെന്നും എല്ലാ കാലത്തും അവളെ സംരക്ഷിക്കാമെന്ന് ഉറപ്പ് നല്‍കണമെന്നും എന്നാല്‍ മാത്രമേ ജാമ്യം നല്‍കുകയുള്ളുവെന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

ഒരു പീഡനകേസിലെ പ്രതിയായ വിക്രം സിംഗ് എന്നയാള്‍ക്കാണ് ഈ വ്യത്യസ്ത ജാമ്യ വ്യവസ്ഥ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. രാഖി കെട്ടുന്നതിനോടൊപ്പം 11000 രൂപ പെണ്‍കുട്ടിയ്ക്ക് സമ്മാനമായി നല്‍കണം. രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ സഹോദരി സഹോദരന്‍മാര്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നതുപോലെ-എന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് രോഹിത് ആര്യയുടെ ബെഞ്ചാണ് ഈ വിചിത്ര നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ജാമ്യക്കാരനായ വിക്രം സിംഗ് രക്ഷാബന്ധന്‍ ദിനത്തില്‍ ഭാര്യയോടൊപ്പം സമ്മാനങ്ങളുമായി പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിലേക്ക് പോകണം. പരാതിക്കാരിക്ക് ഈ സമ്മാനങ്ങളും മധുരവും നല്‍കി രാഖി കെട്ടണം. ഇനിയുള്ള കാലം ഒരു സഹോദരനെപ്പോലെ സംരക്ഷിക്കാമെന്ന് ഉറപ്പും നല്‍കണം- ഇതായിരുന്നു ബെഞ്ചിന്റെ നിര്‍ദ്ദേശം.

ഇതാദ്യമായല്ല ഇത്തരം വിധികള്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 2020 ഏപ്രില്‍ 20 ന് ഉജ്ജയിനിലെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്കും സമാനമായ ജാമ്യ വ്യവസ്ഥകളാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കേസിലെ പ്രതിയായ ബാഗ്രിയോട് പരാതിക്കാരിയായ സ്ത്രീയുടെ മകന് 5000 രൂപ വസ്ത്രങ്ങള്‍ വാങ്ങാന്‍ നല്‍കണമെന്നായിരുന്നു വിധി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Supreme Court Cancels ‘Tie Rakhi For Bail’ Order In Sex Assault Case

We use cookies to give you the best possible experience. Learn more