ലക്ഷദ്വീപ് എം.പിയുടെ സ്റ്റേ റദ്ദാക്കി സുപ്രീം കോടതി; ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം
national news
ലക്ഷദ്വീപ് എം.പിയുടെ സ്റ്റേ റദ്ദാക്കി സുപ്രീം കോടതി; ഉത്തരവ് പുനപരിശോധിക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2023, 2:51 pm

ന്യൂദല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ കേസ് സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. ഹൈക്കോടതിയുടെ ഉത്തരവ് ആറ് ആഴ്ചക്കകം പുനപരിശോധിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. വധശ്രമക്കേസില്‍ ഫൈസലിന്റെ ശിക്ഷക്ക് സ്‌റ്റേ നല്‍കിയ ഹൈക്കോടതിയുടെ നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം ഹൈക്കോടതി വിധി വരുന്നത് വരെ ഫൈസലിന് എം.പി സ്ഥാനത്ത് തുടരാമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയും ഉജ്ജല്‍ ഭുയാനും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ വാദത്തിന്റെ സമയത്തും ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി നിരത്തിയ കാരണങ്ങളില്‍ ജസ്റ്റിസ് നാഗരത്‌ന സംശയം പ്രകടിപ്പിച്ചിരുന്നു. ഫൈസലിനെ ശിക്ഷിച്ചാല്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇതിന് പണച്ചെലവുണ്ടാകുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എന്നാല്‍ ശിക്ഷാ വിധി സ്‌റ്റേ ചെയ്യുന്നതിന് ഈയൊരു കാരണം മാത്രം പോരെന്ന് സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ചു.

‘ ഈയൊരു കാരണത്താല്‍ മാത്രം ശിക്ഷാ വിധി സ്‌റ്റേ ചെയ്ത കോടതി വിധി റദ്ദാക്കുകയും വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയും ചെയ്യുന്നു.

ഈ ഉത്തരവിന്റെ തിയ്യതി മുതല്‍ ഇന്നുവരെ പ്രതിഭാഗം എം.പിയായി തുടരുകയും തന്റെ ചുമതലകളെല്ലാം നിറവേറ്റിയതായും മനസിലാക്കുന്നു. ആറ് ആഴ്ചക്കകം ഉത്തരവ് പുനപരിശോധിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുന്നു,’ സുപ്രീം കോടതി ഉത്തരവിട്ടു.

മുതിര്‍ന്ന അഭിഭാഷകന്‍ മനു സിങ്‌വിയാണ് ഫൈസലിന് വേണ്ടി ഹാജരായത്. ലക്ഷദ്വീപിന് വേണ്ടി കെ.എം നടരാജയും ഹാജരായി.

വധശ്രമക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കഴിഞ്ഞ ജനുവരി പതിമൂന്നിന് ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു. വിചാരണക്കോടതി ഉത്തരവ് വന്ന് രണ്ട് ദിവസത്തിനകമായിരുന്നു നടപടി. എന്നാല്‍ വിധി ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

CONTENT HIGHLIGHTS: supreme court cancels stay of lakshwadeep mp highcourt is directed to review the order